Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ പ്രത്യേക അതിഥികളായി ഫിൻലാൻഡ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്ത്

കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ  പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര  പഠനരീതികൾ ,ടീച്ചർ ട്രെയിനിംഗ്, മൂല്യനിർണയ രീതികൾ, ഗവേഷണ സഹകരണ സാധ്യതകൾ, തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഏജൻസികളുമായും സംഘം ചർച്ചകൾ നടത്തും. 

finland educational team in the capital as special guests of Kerala
Author
First Published Dec 5, 2022, 3:49 PM IST

തിരുവനന്തപുരം:  കേരളത്തിന്റെ അതിഥികളായി ഫിൻലാന്റ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തി. 64 -ാമത് കായികോത്സവ മേളയുടെ പവലിയനിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുമായി സൗഹൃദം പങ്കിട്ടു. സംസ്ഥാനം നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനുമായി വിദ്യാഭ്യാസ മാതൃകകളിൽ ലോകനിലവാരം പുലർത്തി പ്രഥമ സ്ഥാനം കരസ്ഥമാക്കി വരുന്ന ഫിൻലാന്റ് വിദ്യാഭ്യാസ സംഘം എത്തിയത്.

മുഖ്യമന്ത്രിയും സംഘവും ഫിൻലൻ്റ് സന്ദർശിച്ചതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് മുതൽ 8-ാം തീയ്യതി വരെ സംഘം സംസ്ഥാനത്ത് ഉണ്ടാകും, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ  പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര  പഠനരീതികൾ ,ടീച്ചർ ട്രെയിനിംഗ്, മൂല്യനിർണയ രീതികൾ, ഗവേഷണ സഹകരണ സാധ്യതകൾ, തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഏജൻസികളുമായും സംഘം ചർച്ചകൾ നടത്തും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അതിഥികളായി ഫിൻലാൻഡ് അംബാസിഡറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഉള്ളത്.

മുഖ്യമന്ത്രി ,പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളിൽ നേരിട്ട് എത്തി വികസന മാതൃകകളിൽ സംവദിക്കുകയും ചെയ്യും. ഔദ്യോഗിക സന്ദർശന  ദിനമായ അഞ്ചാം തീയതി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ,ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എന്നിവരുടെ ഓഫീസുകളിൽ സന്ദർശനം നടത്തും. പൊതുവിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തും. ഡിസംബർ 6ന് പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെ സർവ്വതോന്മുഖമായ ഇടപെടൽ നടത്തിവരുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഓഫീസിലാണ് സംഘമെത്തുക. 

തുടർന്ന്  കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങളുടെ നടപ്പിലാക്കൽ സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പഠന ഗവേഷണ കൗൺസിൽ ആസ്ഥാനത്തും ചാനലിലും സന്ദർശനം നടത്തുന്ന സംഘം കേരള മാതൃകകൾ നേരിട്ടറിയും.  വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ഫില്ലാണ്ട് സംഘം സംസ്ഥാന ആസൂത്രണ ബോർഡും സന്ദർശിക്കും .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒരുക്കുന്ന കലാ-സാംസ്കാരിക സായാഹ്നത്തിലും അതിഥി സൽക്കാരത്തിലും സംഘം പങ്കെടുക്കും. എട്ടാം തീയതി സംസ്ഥാന ഭരണ തലവൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്ന ഫിൻലാന്റ് സംഘം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വികസന മാതൃകകൾ സംബന്ധിച്ച് ആശയവിനിമയവും ചർച്ചയും നടത്തും. തൊട്ടടുത്ത ദിവസം സന്ദർശനം പൂർത്തിയാക്കി  മടങ്ങുകയും ചെയ്യും.

 

Follow Us:
Download App:
  • android
  • ios