Asianet News MalayalamAsianet News Malayalam

ലഹരിക്കെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലാകണം പ്രഥമ ശ്രദ്ധ: മന്ത്രി വി. ശിവൻകുട്ടി

കുട്ടികൾ സന്തോഷകരവും ആരോഗ്യകരവുമായ ബാല്യവും വിദ്യാഭ്യാസ കാലഘട്ടവും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.

first focus teaching children stand against drug addiction says minister v sivankutty sts
Author
First Published Nov 1, 2023, 4:40 PM IST

തിരുവനന്തപുരം:  മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ ഗൗരവത്തോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഈ വിപത്തിനെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലായിരിക്കണം പ്രാഥമിക ശ്രദ്ധയെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും കുട്ടികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുന്നതിനുമായി സംഘടിപ്പിച്ച അധ്യാപക പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതവും ആരോഗ്യകരവുമായ ബാല്യം ഓരോ കുട്ടിയുടെയും മൗലികാവകാശമാണെന്നു മന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലും വികാസത്തിലും സ്‌കൂൾ വർഷങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കുട്ടികൾ സന്തോഷകരവും ആരോഗ്യകരവുമായ ബാല്യവും വിദ്യാഭ്യാസ കാലഘട്ടവും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.

മനുഷ്യന്റെ ആരോഗ്യത്തെയും അറിവിനെയും ദോഷകരമായി ബാധിക്കുന്നതാണു ലഹരി ഉപയോഗം. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുന്ന ഈ പ്രശ്‌നം അതിവേഗം പടരുകയാണ്.  നിയമനിർമാണംകൊണ്ട് മാത്രം ഈ ദുരന്തം പരിഹരിക്കാനാവില്ല. അതിന് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ നിർണായക വെല്ലുവിളിയെ നേരിടാൻ, ലഹരി മുക്ത നവകേരളം എന്ന മുദ്രാവാക്യത്തിനു കീഴിൽ, മയക്കുമരുന്ന് ആസക്തിയുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

എസ്.സി.ഇ.ആർ.ടി, എസ്.ഐ.ഇ.ടി, കൈറ്റ്, സമഗ്ര ശിക്ഷ, എക്സൈസ്, പോലീസ്, ആരോഗ്യം, വനിതാ ശിശു വികസനം, സാമൂഹിക നീതി വകുപ്പുകൾ തുടങ്ങിയവ ഈ ശ്രമങ്ങളിൽ സജീവമായി ഇടപെടുന്നു.  ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമഗ്രമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ല, വാർഡ് തലങ്ങളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കണം.

എല്ലാ സ്‌കൂളുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമായി വിദ്യാലയ ജാഗ്രതാ സമിതികൾ മാറണം. 'ലഹരി മുക്ത നവകേരളം' എന്ന കാഴ്ചപ്പാട് കൈവരിക്കാനും കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും അധ്യാപക പരിശീലന പരിപാടികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ പരിശീലന സംരംഭങ്ങളിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

തൊഴില്‍രഹിതനാണോ നിങ്ങള്‍, ദുഖിക്കേണ്ടാ; മാസംതോറും നല്ലൊരു തുക അക്കൗണ്ടിലെത്തും! കേന്ദ്ര പദ്ധതി?

Follow Us:
Download App:
  • android
  • ios