Asianet News MalayalamAsianet News Malayalam

പ്ലസ്ടു കഴിഞ്ഞ മലയാളികൾക്ക് സൗജന്യമായി ജർമ്മനിയിൽ പോയി പഠിക്കാം, തൊഴിലവസരവും; നോർക്ക അപേക്ഷ ക്ഷണിച്ചു

ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ്  പദ്ധതി. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതിയിൽ.

free study opportunity and chances for job in Germany after completing plus two application process started
Author
First Published Mar 5, 2024, 10:40 PM IST

തിരുവനന്തപുരം: പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍  സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിൽ ഉടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിൽ എത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ്  പദ്ധതി. 

ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.  ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താത്പര്യമുള്ളവര്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.  

ജര്‍മ്മന്‍ ഭാഷയില്‍ A2, B1 ലെവല്‍ പാസ്സായവര്‍ക്ക് (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2023 ഏപ്രിലിനുശേഷം) മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം)  അധിക യോഗ്യതയായി പരിഗണിക്കും.  18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്  ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍  സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ

Follow Us:
Download App:
  • android
  • ios