Asianet News MalayalamAsianet News Malayalam

'ജോലി കിട്ടാനില്ല, ജീവിതച്ചെലവ് കൂടുതല്‍': കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കാനഡയിലെ ഓരോ 10 വിദേശ വിദ്യാർത്ഥികളിൽ നാല് പേരും ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് ഐസിഇഎഫ് മോണിറ്റർ

Indian students in Canada worried about lack of job opportunities SSM
Author
First Published Oct 8, 2023, 5:05 PM IST

തൊഴിലവസരങ്ങളുടെ അഭാവം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ൽ 2,26,450 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കാനഡയിൽ എത്തിയത്. 

"ഇന്ത്യ-കാനഡ ബന്ധത്തിലെ വിള്ളലിനെക്കുറിച്ച് ഞാൻ അത്രയൊന്നും ചിന്തിക്കുന്നില്ല. എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയും ഉത്കണ്ഠയും ഉണ്ട്. ഇവിടെ ജോലി കിട്ടാത്ത സ്ഥിതിയുണ്ട്. പഠനം പൂർത്തിയാക്കിക്കഴിഞ്ഞ് എനിക്കിവിടെ ജോലി കിട്ടുമോ എന്ന് അറിയില്ല"- ഹരിദ്വാര്‍ സ്വദേശി പറഞ്ഞതായി വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ആഗോള വിദ്യാഭ്യാസ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമായ എറുഡേറയുടെ കണക്കനുസരിച്ച്,  ആഗോള തലത്തിലെ 807,750 വിദ്യാര്‍ത്ഥികള്‍  2022ല്‍ കാനഡയിലെത്തി. ഇവരിൽ 551,405 പേർക്ക് കഴിഞ്ഞ വർഷം കാനഡയിൽ സ്റ്റഡി പെര്‍മിറ്റ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 226,450 വിദ്യാര്‍ത്ഥികള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചത്. 2022 അവസാനത്തോടെ കാനഡയിലെ ഓരോ 10 വിദേശ വിദ്യാർത്ഥികളിൽ നാല് പേരും ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് ഐസിഇഎഫ് മോണിറ്റർ പറയുന്നു.

മെഡിക്കൽ ബിരുദമുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ തനിക്കറിയാമെന്നും അവർ ഭേദപ്പെട്ട ശമ്പളമുള്ള ജോലി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. പലരും ടാക്സി ഓടിക്കുകയും സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും ജോലിയെടുക്കുകയും ചെയ്യുന്നു. ഇന്ത്യ - കാനഡ നയതന്ത്ര തലത്തിലെ വിള്ളലുകളൊന്നും കാര്യമായി ബാധിച്ചില്ലെങ്കിലും നല്ല ജോലി ലഭിക്കുമോ എന്ന ആശങ്ക കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ടൊറന്റോയിലെയും മറ്റ് കനേഡിയൻ നഗരങ്ങളിലെയും ഉയർന്ന ജീവിതച്ചെലവ് ബാധിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വാടകയും മറ്റും ലാഭിക്കാന്‍ ഇടുങ്ങിയ മുറികളിൽ താമസിക്കാൻ നിർബന്ധിതരാകുന്നു.

"ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ നല്ല ശമ്പളമുള്ള ജോലി ലഭിക്കുമെന്നും ഇന്ത്യയിൽ തിരിച്ചെത്തി മാതാപിതാക്കളെ സഹായിക്കാമെന്നുമുള്ള പ്രതീക്ഷയോടെയാണ് ഞങ്ങൾ വന്നത്. പക്ഷേ ജോലിയില്ല. ജീവിതച്ചെലവ്, ആശുപത്രി ചെലവ് എന്നിവയൊക്കെ കാരണം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്"- ഹരിയാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios