Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്കായി ഇൻഷുറൻസ് പദ്ധതി! രക്ഷിതാക്കളുടെയും കണ്ണീരൊപ്പുന്ന കരുതൽ കരങ്ങൾ, ഈ സ്കൂൾ വേറെ ലെവലാണ്

സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പിൽ വരുത്തി ഒരു സ്കൂൾ

Insurance scheme for school students for the first time in the history of state education ppp
Author
First Published Sep 15, 2023, 5:43 PM IST

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പിൽ വരുത്തി ഒരു സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളാണ് വിദ്യാർത്ഥികൾക്കായി ഇൻഷുറൻസ് പദ്ധതിയിലൂടെ ആദ്യ സഹായം കൈമാറിയത്. ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും കുട്ടികളെയുമാണ് ഇൻഷുർ ചെയ്തിരിക്കുന്നത്. ഐസിഐസിഐ ലംബാർഡും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. 

ഒരു വർഷം മുമ്പ് ആരംഭിച്ച ഇൻഷുറൻസ് പദ്ധതിപ്രകാരം കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഒരുലക്ഷം രൂപ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ കൈമാറി. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റാം കൃഷ്ണ കെ എസിന്റെ പിതാവ് റോഡപകടത്തിലാണ് മരിച്ചത്. സ്കൂൾ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസമാണ് റാം കൃഷ്ണയുടെ മാതാവ് സുജന വി എസ് നായർക്ക് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ കൈമാറിയത്. ‘കരുതൽ’ എന്ന പേരിലാണ് സ്കൂളിലെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ വർഷമാണ് കണ്ണശ മിഷൻ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ തന്റെ സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ആശയം നടപ്പാക്കിയത്. ആകസ്മികമായി മാതാപിതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാലും കുട്ടികളുടെ പഠനം മുടങ്ങരുതെന്ന കാഴ്ച്ചപ്പാടോടെയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ചികിത്സാ ചിലവ് ഉൾപ്പെടുള്ള പാക്കേജാണ് ഇദ്ദേഹം നടപ്പാക്കിയത്. ഇതിന് ചിലവാകുന്ന പണം സ്കൂൾ മാനേജ്മെന്റാണ് സ്വന്തം നിലയിൽ നൽകുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് നടപ്പാക്കിയത്.

Read more:  വാനോളം അഭിമാനം! ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ ചുക്കാൻ പിടിച്ചവർക്ക് അനന്തപുരിയിൽ ആദരം

സ്‌കൂളിലെ 1700 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ച് തികച്ചും സൗജന്യമായി ആവിഷ്‌ക്കരിച്ച ഇൻഷ്വറൻസ് പദ്ധതിയാണ് ‘കരുതൽ.’ ഒരുപക്ഷെ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായൊരു സുരക്ഷാ പദ്ധതി. ഓരോ കുട്ടിക്കും എല്ലാ സ്വകാര്യ ആശുപത്രികളിലും 25000 രൂപയുടെ അപകട ക്യാഷ് ലെസ്സ് ചികിത്സ സഹായവും, ഗുരുതര അപകടഘട്ടത്തിൽ രക്ഷിതാവിനും കുട്ടിക്കും ഒരു ലക്ഷം രൂപയുടെ ധനസഹായവും നൽകുന്ന രീതിയിലാണ്  ഐ സി ഐ സി ഐ ലംബാർഡുമായി ചേർന്ന് കണ്ണശ സ്‌കൂൾ ഇൻഷുറൻസ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ ഒതുങ്ങുന്നതല്ല കണ്ണശയുടെ കരുതൽ. സ്കൂളിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ നിർധനരായ മനുഷ്യർക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന നന്മപെൻഷൻ പദ്ധതിയും ഈ സ്കൂൾ നടപ്പാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios