Asianet News MalayalamAsianet News Malayalam

'റുസ പ്രകാരം കേരളത്തിന് ഈ വർഷം നയാ പൈസ കേന്ദ്രം നൽകിയിട്ടില്ല'; എംപിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ലെന്നു കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി ഡോ. സുഭാഷ് സർക്കാർ ലോക്സഭയിൽ പറഞ്ഞതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു.

Union government does not allow fund to kerala under rusa project prm
Author
First Published Feb 10, 2024, 4:07 PM IST

കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) വഴി നിലവിലെ 2023-24  സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഇതുവരെ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ലെന്നു കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി ഡോ. സുഭാഷ് സർക്കാർ ലോക്സഭയിൽ പറഞ്ഞതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു. നേരത്തെ, 2020-21 സാമ്പത്തിക വർഷത്തിലും കേരളത്തിന് തുകയനുവദിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഏഴു സാമ്പത്തിക വർഷങ്ങളിൽ  എറണാകുളം ജില്ലയിൽ ആകെ 62.55 കോടി രൂപയാണ് കേന്ദ്ര സർക്കാർ റൂസ വഴി എറണാകുളം ജില്ലയ്ക്ക് അനുവദിച്ചതെന്ന് ഹൈബി ഈഡൻ എം പിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 

ഗവേഷണ നവീകരണവും ഗുണനിലവാരം  മെച്ചപ്പെടുത്തലും എന്ന വിഭാഗത്തിൽ കുസാറ്റിന് മാത്രം ഈ കാലയളവിൽ 30 കോടി രൂപയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ സർവകലാശാലകൾക്കുള്ള  അടിസ്ഥാന സൗകര്യ ഗ്രാൻ്റുകൾ എന്ന വിഭാഗത്തിലും കുസാറ്റിന് 12 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചിരുന്നു. തെരഞ്ഞെടുത്ത സ്വയംഭരണ കോളേജുകളിൽ ഗുണനിലവാരവും മികവും വർദ്ധിപ്പിക്കുന്ന ആവശ്യത്തിലേയ്ക്കായി എറണാകുളം, മഹാരാജാസ് കോളേജിനും കളമശ്ശേരി, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിനും  3 കോടി രൂപ വീതം ഇക്കാലയളവിൽ അനുവദിച്ചിരുന്നു. 

തെരഞ്ഞെടുത്ത കോളേജുകൾക്കുള്ള  ഇൻഫ്രാസ്ട്രക്ചർ ഗ്രാൻ്റുകൾ വിഭാഗത്തിൽ; തൃക്കാക്കര ഭാരത് മാതാ കോളേജ്, തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ ഗവൺമെന്റ്  കോളേജ്,  മഹാരാജാസ് കോളേജ്, എസ് എൻ എം കോളേജ് മാലിയങ്കര, എസ് എച്ച് കോളേജ് തേവര, എസ് എൻ എം ട്രെയിനിംഗ് കോളേജ് മൂത്തകുന്നം, സെന്റ് ആൽബർട്ട്സ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, സെന്റ് പോൾസ് കോളേജ് കളമശ്ശേരി, യു സി കോളേജ് ആലുവ, എന്നീ കൊളേജുകൾക്ക് ഒരു കോടി ഇരുപതു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

 RUSA യുടെ മൂന്നാം ഘട്ടം, പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (PM-USHA) എന്ന രൂപത്തിലായിരിക്കും. ഈ പുതിയ ഘട്ടത്തിന് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്. പി എം ഉഷ വഴി, 2023-24 സാമ്പത്തിക വർഷം മുതൽ 2025-26  സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേയ്ക്ക്  12926.10 കോടി രൂപയുടെ വിനിയോഗമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios