Trademark Registration: എങ്ങനെയാണ് ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുക, നടപടി ക്രമങ്ങള്‍, തര്‍ക്ക പരിഹാരം

Synopsis
ട്രേഡ് മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം, ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനും അധികാരപരിധിയും, ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രക്രിയ, കാലാവധിയും പുതുക്കലും, ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനെതിരായുള്ള എതിര്‍പ്പ്,
ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍: ഒരു ട്രേഡ് മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്നും അതിന്റെ പ്രാധാന്യം, കാലാവധി, പുതുക്കല്‍, നിയമപരമായ ഘടന എന്നിവയെക്കുറിച്ചും സംരംഭകര്‍ വിശദമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രക്രിയയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങളാണ് ചുവടെ.
1. ട്രേഡ് മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ബ്രാന്‍ഡ് ഐഡന്റിറ്റി സംരക്ഷിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ് ട്രേഡ് മാര്‍ക്ക്. രജിസ്റ്റര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ആ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ ഇത് ഉടമയ്ക്ക് പ്രത്യേക അവകാശം നല്‍കുന്നു. 1999-ലെ ട്രേഡ് മാര്‍ക്ക് നിയമവും 2017-ലെ ട്രേഡ് മാര്‍ക്ക് ചട്ടങ്ങളും പ്രകാരമാണ് ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നടത്തുന്നത്.
2. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനും അധികാരപരിധിയും:
നമ്മുടെ രാജ്യത്ത് ഒരു കേന്ദ്രീകൃത ട്രേഡ് മാര്‍ക്ക് രജിസ്ട്രി ഉണ്ട്. ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനായി അഞ്ച് പ്രാദേശിക ഓഫീസുകളുണ്ട്. ഓരോ ഓഫീസും പ്രത്യേക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നു.
ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ ഓഫീസുകള്‍: ഡല്‍ഹി (വടക്ക്), മുംബൈ (പടിഞ്ഞാറ്), ചെന്നൈ (തെക്ക്), കൊല്‍ക്കത്ത (കിഴക്ക്), അഹമ്മദാബാദ് (ഗുജറാത്ത് മേഖല) എന്നീ നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അപേക്ഷകന്റെ ബിസിനസ് സ്ഥലം അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക് അപേക്ഷയില്‍ നല്‍കിയ വിലാസം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ഓഫീസുകളുടെ അധികാരപരിധി നിര്‍വചിച്ചിരിക്കുന്നത്.
3. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രക്രിയ:
ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനുള്ള നടപടിക്രമത്തില്‍ നിരവധി ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു:
1) അപേക്ഷ സമര്‍പ്പിക്കുക: ബന്ധപ്പെട്ട പ്രാദേശിക ഓഫീസില്‍ ട്രേഡ് മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ ഈ പ്രക്രിയ ആരംഭിക്കുന്നു. അപേക്ഷകര്‍ ട്രേഡ് മാര്‍ക്ക് പേര്, അത് പ്രതിനിധീകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍, ട്രേഡ് മാര്‍ക്ക് വര്‍ഗ്ഗീകരണം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. ട്രേഡ് മാര്‍ക്കുകളെ 45 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ 34 എണ്ണം ഉല്‍പ്പന്നങ്ങള്‍ക്കും 11 എണ്ണം സേവനങ്ങള്‍ക്കും ഉള്ളതാണ്.
2) പരിശോധന: അപേക്ഷ ഫയല്‍ ചെയ്ത ശേഷം, ട്രേഡ് മാര്‍ക്ക് ഓഫീസ് അപേക്ഷ പരിശോധിക്കുകയും നിലവിലുള്ള ട്രേഡ് മാര്‍ക്കുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഇതിന് കുറച്ച് മാസങ്ങള്‍ എടുത്തേക്കാം.
3) പ്രസിദ്ധീകരണം: പരിശോധനയില്‍ വിജയിക്കുകയാണെങ്കില്‍, അത് ട്രേഡ് മാര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് അവരുടെ ട്രേഡ് മാര്‍ക്കുുമായി വൈരുദ്ധ്യമുണ്ടെന്ന് തോന്നുകയാണെങ്കില്‍ ആ രജിസ്ട്രേഷനെ എതിര്‍ക്കാന്‍ 4 മാസത്തെ സമയം നല്‍കും.
4) എതിര്‍പ്പ്: എതിര്‍പ്പുകളൊന്നും ഇല്ലെങ്കില്‍, അല്ലെങ്കില്‍ എതിര്‍പ്പ് പരിഹരിക്കുകയാണെങ്കില്‍, ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. എതിര്‍പ്പ് ഉണ്ടായാല്‍, അപേക്ഷകന്‍ ഹിയറിംഗില്‍ പങ്കെടുക്കുകയും അനുകൂലമായ തെളിവുകള്‍ സമര്‍പ്പിക്കുകയും വേണം.
5) രജിസ്ട്രേഷന്‍: ട്രേഡ് മാര്‍ക്ക് അംഗീകരിച്ചാല്‍ അത് രജിസ്റ്റര്‍ ചെയ്യാനും അപേക്ഷകന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാനും കഴിയും. രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കിന് നിയമപരമായ പരിരക്ഷയുണ്ട്. ഇത് സൂചിപ്പിക്കാന്‍ ® എന്ന ചിഹ്‌നം ഉപയോഗിക്കാം.
4. കാലാവധിയും പുതുക്കലും:
അപേക്ഷിച്ച തീയതി മുതല്‍ 10 വര്‍ഷം വരെയാണ് ഒരു ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് നിയമസാധുത. ട്രേഡ് മാര്‍ക്ക് 10 വര്‍ഷം കൂടുമ്പോള്‍ വീണ്ടും പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇത് ചെയ്യണം. അങ്ങനെ ചെയ്യാത്ത പക്ഷം ട്രേഡ് മാര്‍ക്ക് രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടും. അങ്ങനെ വന്നാല്‍, ആവശ്യമായ ഫീസ് അടച്ച് 6 മാസത്തിനുള്ളില്‍ ഇത് പുനഃസ്ഥാപിക്കാന്‍ കഴിയും.
5. പ്രധാനപ്പെട്ട നിയമങ്ങള്‍
ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് സംരക്ഷണത്തിനുള്ള ചട്ടക്കൂട് നല്‍കുന്ന പ്രധാന നിയമമാണ് 1999-ലെ ട്രേഡ് മാര്‍ക്ക് നിയമം. അതിലെ പ്രധാനപ്പെട്ട ചില നിയമങ്ങള്‍ താഴെ പറയുന്നവയാണ്:
ട്രേഡ് മാര്‍ക്ക് നിര്‍വ്വചനം: ഒരു ട്രേഡ് മാര്‍ക്കില്‍ ഏതെങ്കിലും അടയാളം, ചിഹ്നം, വാക്ക്, ലോഗോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ വേര്‍തിരിക്കുന്ന മറ്റ് അടയാളങ്ങള്‍ എന്നിവ ഉള്‍പ്പെടാം.
ട്രേഡ് മാര്‍ക്ക് ഉടമകളുടെ അവകാശങ്ങള്‍: ഒരു ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, രജിസ്റ്റര്‍ ചെയ്ത ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ ഉടമയ്ക്ക് പ്രത്യേക അവകാശം ലഭിക്കും. ട്രേഡ് മാര്‍ക്ക് അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉടമയ്ക്ക് നിയമനടപടി സ്വീകരിക്കാന്‍ കഴിയും.
ട്രേഡ് മാര്‍ക്ക് ലംഘനം: ആരെങ്കിലും അനുമതിയില്ലാതെ മറ്റൊരാളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചാല്‍, അത് ലംഘനമായി കണക്കാക്കും. സിവില്‍, ക്രിമിനല്‍ കോടതികള്‍ വഴി നിയമനടപടി സ്വീകരിക്കാന്‍ കഴിയും.
6. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്റെ പ്രാധാന്യം:
ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് വിവിധ ആനുകൂല്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പ്രത്യേക അവകാശങ്ങള്‍: രജിസ്റ്റര്‍ ചെയ്ത ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ ഉടമയ്ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നു.
നിയമപരമായ സംരക്ഷണം: ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍, ബ്രാന്‍ഡിന്റെ അനധികൃത ഉപയോഗം അല്ലെങ്കില്‍ ലംഘനത്തിനെതിരെ നിയമപരമായ പരിരക്ഷ നല്‍കുന്നു.
7. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനെതിരായുള്ള എതിര്‍പ്പ്:
ട്രേഡ് മാര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച ശേഷം, ഏതൊരു പാര്‍ട്ടിക്കും പ്രസിദ്ധീകരിച്ച തീയതി മുതല്‍ 4 മാസത്തിനുള്ളില്‍ രജിസ്ട്രേഷനെ എതിര്‍ക്കാവുന്നതാണ്. നിലവിലുള്ള ഒരു ലോഗോയുമായി സാമ്യമുള്ളതിനാലോ മറ്റൊരു ലോഗോയുമായി ആശയക്കുഴപ്പമുണ്ടാക്കുന്നതിനാലോ എതിര്‍പ്പ് ഉണ്ടാകാം. ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ആണ് ഈ എതിര്‍പ്പ് കൈകാര്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ ഇതിനെക്കുറിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നിയമം ബിസിനസുകളുടെയും വ്യക്തികളുടെയും ബൗദ്ധിക സ്വത്തിന് ശക്തമായ സംരക്ഷണം നല്‍കുന്നു. ഈ പ്രക്രിയയില്‍ അപേക്ഷ, പരിശോധന, പ്രസിദ്ധീകരണം, എതിര്‍പ്പ്, അന്തിമ രജിസ്ട്രേഷന്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു.
ബിസിനസ്സുകളുടെ സ്വത്വം സംരക്ഷിക്കുക മാത്രമല്ല, ന്യായമായ മത്സരം നിലനിര്‍ത്തുന്നതിനും വിപണിയിലെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും ട്രേഡ് മാര്‍ക്ക് പ്രധാന പങ്ക് വഹിക്കുന്നു.