Asianet News MalayalamAsianet News Malayalam

ധോണി ക്രീസിലിറങ്ങിയപ്പോള്‍ തൃശൂര്‍ പൂരം വെടിക്കെട്ടിനെയും വെല്ലുന്ന ശബ്ദത്തിൽ പൊട്ടിത്തെറിച്ച് ഗ്യാലറി

എം എസ് ധോണി ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിന്‍റെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പടിക്കെട്ടുകള്‍ ഇറങ്ങിവരുമ്പോള്‍ ഗ്യാലറിയിലുയര്‍ന്നത് സാക്ഷാല്‍ തൃശൂര്‍ പൂരം വെടിക്കെട്ടിനെയും വെല്ലുന്ന ശബ്ദമായിരുന്നു.

124dB cheer when MS Dhoni arrived at the Ekana Stadium Matching to Thrissur Pooram Fire Works
Author
First Published Apr 20, 2024, 11:35 AM IST

ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്നത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഹോം മത്സരമായിരുന്നെങ്കിലും സ്റ്റേഡിയം മഞ്ഞക്കടലായിരുന്നു. എതിരാളികളുടെ ഗ്രൗണ്ടില്‍ പോലും ചെന്നൈക്ക് ഈ പിന്തുണ കിട്ടാന്‍ കാരണം ഒരേയൊരു പേരും, എം എസ് ധോണി.

എം എസ് ധോണി ക്രീസിലിറങ്ങുന്നത് കാണാനായിരുന്നു ഇന്നലെ 45000ത്തോളം പേര്‍ ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയത്. ഗ്യാലറിയില്‍ ചെന്നൈക്ക് ലഭിക്കുന്ന ആരാധക പിന്തുണ കണ്ട് ലഖ്നൗ നായകൻ കെ എല്‍ രാഹുല്‍ ടീം ഹര്‍ഡിലില്‍ പറഞ്ഞത് ഇത് അടുത്ത മത്സരം ചെന്നൈയില്‍ കളിക്കുന്നതിന്‍റെ റിഹേഴ്സലായി കണ്ടാല്‍ മതിയെന്നായിരുന്നു.

സ്വന്തം ക്യാപ്റ്റന് പോലും വിശ്വസിക്കാനായില്ല, രാഹുലിനെ പറന്നു പിടിച്ച് ജഡേജ; സീസണിലെ ഏറ്റവും മികച്ച ക്യാച്ചോ ?

ചെന്നൈ പതിമൂന്നാം ഓവറില്‍ 90-5ലേക്ക് വീണു പോയപ്പോള്‍ ആരാധകര്‍ ധോണിയുടെ വരവ് പ്രതീക്ഷിച്ചു. എന്നാല്‍ ക്രീസിലിറങ്ങിയത് മൊയീന്‍ അലി ആയിരുന്നു. പിന്നീട് ജഡേജ-അലി സഖ്യം ചെന്നൈയെ പതിനെട്ടാം ഓവര്‍ വരെ കൊണ്ടുപോയപ്പോള്‍ ആരാധകര്‍ ധോണിയുടെ വരവിനായി വിക്കറ്റ് വീഴാന്‍ പോലും പ്രാര്‍ത്ഥിച്ചു കാണും. രവി ബിഷ്ണോയിയെ അലി തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയതിന് പിന്നാലെ ഔ‍ട്ടായപ്പോള്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി.

എം എസ് ധോണി ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിന്‍റെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പടിക്കെട്ടുകള്‍ ഇറങ്ങിവരുമ്പോള്‍ ഗ്യാലറിയിലുയര്‍ന്നത് സാക്ഷാല്‍ തൃശൂര്‍ പൂരം വെടിക്കെട്ടിനെയും വെല്ലുന്ന ശബ്ദമായിരുന്നു. 124 ഡെസിബെല്‍ ആയിരുന്നു ശബ്ദ മീറ്ററില്‍ ധോണിയുടെ എന്‍ട്രി സമയത്ത് രേഖപ്പെടുത്തിയത്. തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുവദനീയമായ ശബ്ദപരിധി 125 ഡെസിബെൽ ആണ്.

കാതടപ്പിക്കുന്ന കരഘോഷത്തില്‍ ക്രീസിലിറങ്ങിയ ധോണി ആരാധകരെ നിരാശരാക്കിയതുമില്ല. ഒമ്പത് പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 28 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി 160ല്‍ ഒതുങ്ങുമെന്ന് കരുതിയ ചെന്നൈ ടോട്ടലിനെ 177ല്‍ എത്തിച്ചു. കെ എല്‍ രാഹുലിന്‍റെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും ബാറ്റിംഗ് മികവില്‍ ലഖ്നൗ അനായാസ വിജയം നേടിയെങ്കിലും ധോണി വെടിക്കെട്ട് കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകര്‍ ഗ്യാലറി വിട്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios