2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റിഷഭ് പന്ത് ആകട്ടെ കരിയറില്‍ ഇതുവരെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ചിട്ടില്ല.
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം വിക്കറ്റ് കീപ്പിംഗിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ നിര്‍ണായക അപ്ഡേറ്റുമായി ബിസിസിഐ. ഇടതുചൂണ്ടുവിലരിനേറ്റ പരിക്കില്‍ നിന്ന് റിഷഭ് പന്ത് ഇപ്പോഴും മുക്തനായിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് റിഷഭ് പന്തുള്ളതെന്നും രണ്ടാം ദിവസത്തെ കളി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിസിസിഐ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. റിഷഭ് പന്തിന് പകരം ധ്രുവ് ജുറെല്‍ തന്നെയായിരിക്കും രണ്ടാം ദിനവും വിക്കറ്റ് കീപ്പറാവുകയെന്നും ബിസിസിഐ എക്സ് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങുമോ എന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റിഷഭ് പന്ത് ടീമിലുണ്ടായിട്ടും ഇതാദ്യമായാണ് ജുറെല്‍ വിക്കറ്റ് കീപ്പറായി ഇറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തിയശേഷം ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ധ്രുവ് ജുറെലിന് അവസരം ലഭിച്ചത്.
ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ സ്പെഷലിസ്റ്റ് ബാറ്ററായിട്ടായിരുന്നു ജുറെല്‍ കളിച്ചത്. എന്നാല്‍ 2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റിഷഭ് പന്ത് ആകട്ടെ കരിയറില്‍ ഇതുവരെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ചിട്ടില്ല. പ്ലേയിംഗ് ഇലവനിലുള്ളപ്പോഴെല്ലാം വിക്കറ്റ് കീപ്പറായിട്ടുള്ള റിഷഭ് പന്ത് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിനം ജസ്പ്രീത് ബുമ്രയുടെ പന്ത് ഡൈവ് ചെയ്ത് കൈയിലൊതുക്കാന്‍ ശ്രമിക്കുമ്പോഴാണ് റിഷഭ് പന്തിന്‍റെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്.
വിക്കറ്റ് കീപ്പറെന്നതിലുപരി റിഷഭ് പന്തിലെ ബാറ്ററെ നഷ്ടമാകുന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. റിഷഭ് പന്ത് ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.