Asianet News MalayalamAsianet News Malayalam

ആളിക്കത്തി ഹൂഡ, സെഞ്ചുറി! മിന്നലായി സഞ്ജുവും; ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന് 226 റണ്‍സ് വിജയലക്ഷ്യം

പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത ഇന്ത്യയെ സ‍ഞ്ജുവും ഹൂഡയും ചേര്‍ന്ന് 11-ാം ഓവറില്‍ 100 കടത്തി. 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോള്‍ 10 റണ്‍സിലെത്തിയിരുന്നു സ‍ഞ്ജു. എന്നാല്‍ സ‍ഞ്ജുവിന് മുമ്പെ ഹൂഡ അര്‍ധസെഞ്ചുറി തികച്ച് മുന്നേറി.

Deepak Hooda and Sanju Samson shines, India set 228 runs target for Ireland
Author
Dublin, First Published Jun 28, 2022, 10:46 PM IST

ഡബ്ലിന്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിന് 226 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറിയുടെയും മലയാളി താരം സ‍ഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും  മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. 57 പന്തില്‍ 104 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ടി20യിലെ തന്‍റെ ഉയര്‍ന്ന സ്കോറായ 77 റണ്‍സെടുത്തു. ഹൂഡ-സ‍ഞ്ജു സഖ്യം രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

തുടക്കം പാളി, പിന്നെ പൊളിച്ചടുക്കി

ടോസിലെ ഭാഗ്യം ഇന്ത്യയെ തുടക്കത്തില്‍ തുണച്ചില്ല. ഇന്നിംഗ്സിലെ ആദ്യ പന്ത് നേരിട്ട സ‍ഞ്ജു ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറിലും സഞ്ജു ബൗണ്ടറി നേടി. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ഇഷാന്‍ കിഷന്‍റെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ 3 റണ്‍സെടുത്ത കിഷനെ മാര്‍ക്ക് അഡെയര്‍ വീഴ്ത്തി. എന്നാല്‍ കിഷന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങി. സഞ്ജുവും മോശമാക്കിയില്ല.

പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത ഇന്ത്യയെ സ‍ഞ്ജുവും ഹൂഡയും ചേര്‍ന്ന് 11-ാം ഓവറില്‍ 100 കടത്തി. 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോള്‍ 10 റണ്‍സിലെത്തിയിരുന്നു സ‍ഞ്ജു. എന്നാല്‍ സ‍ഞ്ജുവിന് മുമ്പെ ഹൂഡ അര്‍ധസെഞ്ചുറി തികച്ച് മുന്നേറി. പത്താം ഓവറില്‍ ഹൂഡ അര്‍ധസെഞ്ചുറിയിലെത്തിയപ്പോള്‍ പതിമൂന്നാം ഓവറിലാണ് സ‍ഞ്ജു ടി20 കരിയറില്‍ തന്‍റെ ആദ്യ രാജ്യാന്തര അര്‍ധസെഞ്ചുറി കുറിച്ചത്. സഞ്ജു അര്‍ധസെഞ്ചുറിയിലെത്തുമ്പോള്‍ ഹൂഡ 80 റണ്‍സിലെത്തിയിരുന്നു. 31 പന്തില്‍ എട്ട് ഫോറും ഒരു സിക്സും പറത്തിയാണ് സഞ്ജു അര്‍ധസെഞ്ചുറിയിലെത്തിയത്.

സെഞ്ചുറിയിലെത്താതെ സഞ്ജു മടങ്ങി, സെഞ്ചുറിയുമായി ഹൂഡ മിന്നി

രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡക്കൊപ്പം 176 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറില്‍ മാര്‍ക്ക് അഡയറിനെ സിക്സിന് പറത്തിയതിന് പിന്നാലെ യോര്‍ക്കറില്‍  ക്ലീന്‍ ബൗള്‍ഡായി പുറത്തായി. 42 പന്തില്‍ 77 റണ്‍സെടുത്ത സഞ്ജു നാല് സിക്സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. സഞ്ജു പുറത്തായശേഷം 55 പന്തില്‍ സെഞ്ചുറി തികച്ച ഹൂഡ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സുരേഷ് റെയ്നയുമാണ് ഹൂഡക്ക് മുമ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരങ്ങള്‍.

സഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സുമായി തുടങ്ങിയെങ്കിലും 5 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 57 പന്തില്‍ 104 റണ്‍സെടുത്ത ഹൂഡയെ ജോഷ്വ ലിറ്റില്‍ വീഴ്ത്തി. ഒമ്പത് ഫോറും ആറ് സിക്സും പറത്തിയാണ് ഹൂഡ 104 റണ്‍സടിച്ചത്. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും അക്സര്‍ പട്ടേലിനെയും നേരിട്ട ആദ്യ പന്തില്‍ പൂജ്യരായി മടക്കി ക്രെയ്ഗ് യങ് ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിട്ടു.  അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെയും പൂജ്യനാക്കി മടക്കി മാര്‍ക്ക് അഡയര്‍ ഇന്ത്യ 250 കടക്കാതെ തടഞ്ഞു. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നും ജോഷ്വാ ലിറ്റിലും ക്രെയഡ് യങും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പതിനേഴാം ഓവറില്‍ 200 കടന്ന ഇന്ത്യക്ക് അവസാന മൂന്നോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 24 റണ്‍സെ എടുക്കാനായുള്ളു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. റുതുരാജ് ഗെയ്‌ക്വാദിന് പകരം മലയാളി  താരം സഞ്ജു സാംസണ്‍ ഓപ്പണറായി അന്തിമ ഇലവനിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്.

Follow Us:
Download App:
  • android
  • ios