പന്തിന്‍റെ ഷേപ്പ് മാറിയതിനെത്തുടര്‍ന്നാണ് അമ്പയര്‍മാര്‍ ഇന്ത്യയുടെ ആവശ്യപ്രകാരം പന്ത് മാറ്റാന്‍ തയാറായത്. എന്നാല്‍ പകരം നല്‍കിയത് ന്യൂബോളിന് സമാനമായ പന്തായിരുന്നില്ല.
ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളെച്ചൊല്ലിയുള്ള വിവാദം മൂന്നാം ടെസ്റ്റിലും തുടരുന്നു. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിനം പന്തിന്‍റെ ഷേപ്പ് മാറിയതിനാല്‍ ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടും പന്ത് മാറ്റാന്‍ തയാറാവാതിരുന്ന അമ്പയര്‍മാര്‍ ഇന്ന് രണ്ടാം ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലായപ്പോള്‍ ഇന്ത്യയുടെ ആവശ്യപ്രകാരം പന്ത് മാറ്റാൻ തയാറായി. രണ്ടാം ന്യൂബോളില്‍ വെറും 64 പന്തുകള്‍ മാത്രമാണ് ഇന്ത്യ അപ്പോള്‍ എറിഞ്ഞിരുന്നത്.
പന്തിന്‍റെ ഷേപ്പ് മാറിയതിനെത്തുടര്‍ന്നാണ് അമ്പയര്‍മാര്‍ ഇന്ത്യയുടെ ആവശ്യപ്രകാരം പന്ത് മാറ്റാന്‍ തയാറായത്. എന്നാല്‍ പകരം നല്‍കിയത് ന്യൂബോളിന് സമാനമായ പന്തായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ അമ്പയർ ഷര്‍ഫുദൗളയിമായി വാക് പോരിലേര്‍പ്പെടുകയും ചെയ്തു. അമ്പയര്‍മാരുമായി തര്‍ക്കിച്ചെങ്കിലും പന്ത് മാറ്റി നല്‍കാന്‍ അമ്പയര്‍ തയാറായില്ല.
രണ്ടാം ന്യൂബോളില്‍ രണ്ടാം ദിനം ആദ്യ അരമണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ട് ബുമ്ര ഇംഗ്ലണ്ടിനെ തകര്‍ച്ചയിലാക്കിയതിന് പിന്നാലെയായിരുന്നു വീണ്ടും പന്ത് മാറ്റേണ്ടിവന്നത്. രണ്ടാം ന്യൂബോളില്‍ പന്ത് മാറ്റുന്നതിന് മുമ്പ് 2.2 ഡിഗ്രി മൂവ്മെന്‍റാണ് ഇന്ത്യൻ ബൗളര്‍മാര്‍ക്ക് ലഭിച്ചതെങ്കില്‍ പന്ത് മാറ്റിയതോടെ ഇത് 1.3 ഡിഗ്രിയായി കുറഞ്ഞു. എന്നാല്‍ മാറ്റിയ പന്ത് 48 പന്ത് കഴിഞ്ഞപ്പോള്‍ ഷേപ്പ് മാറിയതിനെ തുടര്‍ന്ന് വീണ്ടും മാറ്റേണ്ടിവന്നുവെന്നു.
പുതിയ പന്തിലെ ഭീഷണി ഒഴിഞ്ഞതോടെ അവസരം മുതലെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും ബ്രെയ്ഡന്‍ കാര്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 350 കടത്തി. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 106 പന്തില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഡ്യൂക്സ് പന്തുകളുടെ ഷേപ്പ് പെട്ടെന്ന് മാറുന്നത് ഇന്ത്യ പലതവണ ചൂണ്ടിക്കാട്ടുകയും പലവട്ടം പന്ത് മാറ്റേണ്ടിവരികയും ചെയ്തിരുന്നു.