userpic
user icon
0 Min read

ലെജന്‍ഡ്സ് ലീഗിൽ തമ്മിലടിച്ച് ശ്രീശാന്തും ഗംഭീറും; സെവാഗിനെപ്പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്ന് ശ്രീശാന്ത്

Gautam Gambhir and S Sreesanth were involved in a heated argument during the Legends League 2023
Sreesanth-Gambhir

Synopsis

കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക് പോര്. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.

കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഗംഭീറിന്‍റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടില്‍ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഗംഭീര്‍ ഉപയോഗിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

ഹാർദ്ദിക്ക് പോയതിന് പിന്നാലെ മുഹമ്മദ് ഷമിയെ മറ്റൊരു ടീം സമീപിച്ചു; വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്

ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായിപ്പോലും എപ്പോഴും വഴക്കിടുന്ന 'മിസ്റ്റർ ഫൈറ്ററു'മായി ഗ്രൗണ്ടില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വീരു ഭായിയെപ്പോലുള്ള സീനിയർ കളിക്കാരെ പോലും ഗംഭീര്‍ ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇന്നും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ, അദ്ദേഹം എനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു.

ഈ സംഭവത്തില്‍ ഞാൻ തെറ്റുകാരനല്ല. ഗംഭീര്‍ എന്താണ് ചെയ്തതെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് മനസ്സിലാകും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും ഗ്രൗണ്ടിൽ ലൈവായി പറഞ്ഞ കാര്യങ്ങളും ഒരിക്കലും ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനോട് പറയാൻ പാടില്ലാത്തതാണ്. സഹതാരങ്ങളെപ്പോലും ബഹുമാനിക്കുക്കാന്‍ അറിയാത്തയാള്‍ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളത്.

കോലിയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല; സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാൻ കോലിക്കാവില്ലെന്ന് ലാറ

ലൈവിൽ പോലും കോലിയെക്കുറിച്ച് ചോദിച്ചാല്‍, അദ്ദേഹം ഒരിക്കലും വാ തുറക്കാറില്ല. കൂടുതൽ വിശദമായി പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞാൻ അദ്ദേഹത്തെ ഒരിക്കലും പ്രകോപിപ്പിച്ചിട്ടല്ല, പക്ഷേ എന്നിട്ടും എനിക്കെതിരെ അദ്ദേഹം മോശം വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നുവെന്നും ശ്രീശാന്ത് മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 30 പന്തില്‍ 51 റണ്‍സുമായി തിളങ്ങിയിരുന്നു. മൂന്നോവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ജയന്‍റ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos