Asianet News MalayalamAsianet News Malayalam

IND v NZ : സ്ലിപ്പില്‍ മുട്ടുകുത്തി മായങ്കിന്‍റെ ഫീല്‍ഡിംഗ്, ഇതെന്ത് ഫീല്‍ഡിംഗെന്ന് അന്തംവിട്ട് ആരാധകര്‍

പന്ത് അധികം കുത്തി ഉയരാത്ത പിച്ചില്‍ ബാറ്റില്‍ തട്ടി വരുന്ന എഡ്ജുകള്‍ ഫീല്‍ഡര്‍ക്ക് അടുത്തേക്ക് എത്താതിരുന്നാലോ എന്ന് കരുതി സ്ലിപ്പില്‍ മുട്ടുകുത്തിയിരുന്നാണ് മായങ്ക് ഫീല്‍ഡ് ചെയ്തത്. അശ്വിന്‍റെ അടുത്ത ഓവറിലും ഇതേരീതിയില്‍ മായങ്ക് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തു.

IND v NZ : Mayank Agarwal stuns cricket fans with bizarre new fielding position
Author
Kanpur, First Published Nov 26, 2021, 6:32 PM IST

കാണ്‍പൂര്‍: കാണ്‍പൂരില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ്(IND v NZ ) ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെ രണ്ടാം സ്ലിപ്പില്‍ മായങ്ക് അഗര്‍വാളിന്‍റെ(Mayank Agarwal) നില്‍പ്പ് കണ്ട് അന്തം വിട്ട് ആരാധകര്‍. കിവീസ് ഇന്നിംഗ്സിലെ 47-ാം ഓവറില്‍ അക്സര്‍ പട്ടേല്‍(Axar Patel) പന്തെറിയാനെത്തിയപ്പോള്‍  ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane) പതിവ് സ്ലിപ്പ് ഫീല്‍ഡര്‍ക്ക് പുറമെ രണ്ടാമതൊരു സ്ലിപ്പ് ഫീല്‍ഡറെ കൂടി നിയോഗിച്ചു. രണ്ടാം സ്ലിപ്പില്‍ മായങ്ക് അഗര്‍വാളാണ് ഫീല്‍ഡ് ചെയ്യാനെത്തിയത്.

പന്ത് അധികം കുത്തി ഉയരാത്ത പിച്ചില്‍ ബാറ്റില്‍ തട്ടി വരുന്ന എഡ്ജുകള്‍ ഫീല്‍ഡര്‍ക്ക് അടുത്തേക്ക് എത്താതിരുന്നാലോ എന്ന് കരുതി സ്ലിപ്പില്‍ മുട്ടുകുത്തിയിരുന്നാണ് മായങ്ക് ഫീല്‍ഡ് ചെയ്തത്. അശ്വിന്‍റെ അടുത്ത ഓവറിലും ഇതേരീതിയില്‍ മായങ്ക് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തു.

ഇത്തരത്തില്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്യുന്ന ആദ്യ ഫീല്‍ഡറല്ല മായങ്ക് അഗര്‍വാള്‍. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ജോ റൂട്ടാണ് ഈ തന്ത്രം സമീപകാലത്ത് പ്രയോഗിക്ക കളിക്കാരന്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റിലായിലുന്നു റൂട്ടിന്‍റെ മുട്ടുകുത്തല്‍. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്പിന്നര്‍ ജാക് ലീച്ച് പന്തെറിയുമ്പോഴും ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലും ജോ റൂട്ട് ഇത്തരത്തില്‍ സ്ലിപ്പല്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്ത് കാണികളെ അമ്പരപ്പിച്ചിരുന്നു.

എന്നാല്‍ ഈ തന്ത്രം ആദ്യമായി പ്രയോഗിക്കുന്ന ഫീല്‍ഡര്‍ ജോ റൂട്ടല്ല എന്നതാണ് രസകരമായ കാര്യം. മുന്‍ ഇംഗ്ലണ്ട് ഓപ്പണറായ മാര്‍ക്കസ് ട്രെസ്കോത്തിക് കൗണ്ടി മത്സരത്തിലാണ് സ്ലിപ്പില്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്യുന്ന തന്ത്രം ആദ്യമായി പ്രയോഗിച്ചത്.

കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 345 റണ്‍സില്‍ അവസാനിപ്പിച്ച ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറികളുമായി ഓപ്പണര്‍മാരായ വില്‍ യംഗും യോം ലാഥമുമാണ് ക്രീസില്‍.

Follow Us:
Download App:
  • android
  • ios