Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍

അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു.

india crashed out from t20 world cup after 10 wicket loss against England
Author
First Published Nov 10, 2022, 4:36 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. 

പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ് 86 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബട്‌ലര്‍ 49 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും നേടി. അഡ്‌ലെയ്ഡില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. വോക്്‌സിന്റെ പന്ത് തേര്‍ഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നു. 

വമ്പന്മാര്‍ക്കെതിരെ വട്ടപൂജ്യം, കുഞ്ഞന്മാര്‍ക്കെതിരെ തകര്‍ത്തടിക്കും; രാഹുല്‍ മോശം ഓപ്പണറെന്ന് സോഷ്യല്‍ മീഡിയ

പിന്നാലെ കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ (27) പുറത്താക്കി ജോര്‍ദാന്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പതിവ് ഫോമില്‍ ഉയരാനാവില്ല. ആദില്‍ റഷീദിന് വിക്കറ്റ്. ഇതിനിടെ കോലി മടങ്ങി. ജോര്‍ദാന്റെ പന്തില്‍ റഷീദിന് ക്യാച്ച്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ഹാര്‍ദിക് കത്തികയറി. 29 പന്തില്‍ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ അര്‍ധ സെഞ്ചുറി. ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ പന്ത് (6) റണ്ണൗട്ടായി. നാലും അഞ്ചും പന്തില്‍ ഹാര്‍ദിക് സിക്‌സും ഫോറും നേടി. അവസാന പന്തില്‍ ഹാര്‍ദിക് ഹിറ്റ് വിക്കറ്റാവുകയും ചെയ്തു. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് ഓരോ വിക്കറ്റും വീഴ്ത്തി. 

രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡും കളിച്ചില്ല. ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമായിരുന്നു പകരക്കാര്‍. അതേസമയം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടര്‍ന്നു. ദിനേശ് കാര്‍ത്തിക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തായി. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

ഇംഗ്ലണ്ട്: ജോസ് ബ്ടലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫിലിപ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്.

Latest Videos
Follow Us:
Download App:
  • android
  • ios