userpic
user icon
0 Min read

ഇന്ത്യന്‍ വനിതകള്‍ വിയര്‍ക്കും; അടിച്ചുപറത്തി ഇംഗ്ലണ്ട്, കൂറ്റന്‍ സ്കോര്‍, രണ്ട് ഫിഫ്റ്റി, തീപ്പൊരി ഫിനിഷിംഗ്

INDW vs ENGW 1st T20I Live Danielle Wyatt Nat Sciver Brunt fifties Amy Jones finishing gave England Women huge total of 197 runs
Nat Sciver-Brunt and Danielle Wyatt

Synopsis

രണ്ട് റണ്‍സിന് 2 വിക്കറ്റ് നഷ്‌ടമായ ശേഷം ഐതിഹാസിക തിരിച്ചുവരവുമായി ഇംഗ്ലണ്ട് വനിതകള്‍, മികച്ച സ്കോര്‍, രണ്ട് പേര്‍ക്ക് അര്‍ധസെഞ്ചുറി 

മുംബൈ: ഡാനിയേല വ്യാറ്റ്, നാറ്റ് സൈവര്‍ ബ്രണ്ട്, എമി ജോണ്‍സ് ത്രിമൂര്‍ത്തികളുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം പടുകൂറ്റന്‍ സ്കോറിലെത്തി ഇംഗ്ലണ്ട്. ഡാനിയേല വ്യാറ്റും നാറ്റ് സൈവര്‍ ബ്രണ്ടും അര്‍ധസെഞ്ചുറി കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ട് വനിതകള്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 197 റണ്‍സ് എന്ന സ്കോര്‍ പടുത്തുയര്‍ത്തി. നാറ്റ് 53 പന്തില്‍ 77 ഉം വ്യാറ്റ് 47 പന്തില്‍ 75 ഉം റണ്‍സ് നേടി. വെടിക്കെട്ട് ഫിനിഷിംഗുമായി വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സ് 9 പന്തില്‍ 23 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഫ്രെയ കോംപ് 2 പന്തില്‍ 5* പുറത്താവാതെ നിന്നു. ഇന്ത്യക്കായി രേണുക സിംഗ് താക്കൂര്‍ മൂന്നും അരങ്ങേറ്റ മത്സരം കളിക്കുന്ന താരങ്ങളായ ശ്രേയങ്ക പാട്ടീല്‍ രണ്ടും സൈക ഇഷാഖ് ഒന്നും വിക്കറ്റ് പേരിലാക്കി.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചു. സ്റ്റാര്‍ പേസര്‍ രേണുക സിംഗ് പതിവുപോലെ ന്യൂ ബോളില്‍ വിസ്‌മയം തീര്‍ത്തതോടെ ഇന്നിംഗ്‌സിലെ ഒന്നാം ഓവറില്‍ ഇംഗ്ലണ്ടിന് ഇരട്ട വിക്കറ്റ് നഷ്‌ടമായി. ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സോഫിയ ഡങ്ക്ലിയെ രേണുക സിംഗ് ബൗള്‍ഡാക്കി. 2 പന്തില്‍ 1 റണ്‍സ് മാത്രമേ ഡങ്ക്ലി നേടിയുള്ളൂ. തൊട്ടടുത്ത പന്തില്‍ വണ്‍ഡൗണ്‍ അലീസ് ക്യാപ്‌സിയെയെ രേണുക ഗോള്‍ഡന്‍ ഡക്കിലൂടെ ബൗള്‍ഡാക്കി. ഇതോടെ 2-2 എന്ന നിലയില്‍ ഇംഗ്ലണ്ട് തുടക്കത്തിലെ അതിസമ്മര്‍ദത്തിലായി. ഓവറിലെ അവസാന പന്തില്‍ പക്ഷേ ഹാട്രിക്കിലേക്ക് രേണുകയ്‌ക്ക് എത്താനായില്ല. 

ഇതിന് ശേഷം ക്രീസിലൊന്നിച്ച ഡാനിയേല വ്യാറ്റ്-നാറ്റ് സൈവര്‍ ബ്രണ്ട് സഖ്യം രക്ഷാപ്രവര്‍ത്തനവുമായി ഇംഗ്ലണ്ടിനെ 12-ാം ഓവറില്‍ 100 കടത്തി. വ്യാറ്റ് 33 പന്തിലും നാറ്റ് 36 പന്തിലും അര്‍ധസെഞ്ചുറി തികച്ചു. ഇരുവരുടെയും ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍-140-2. സൈക ഇഷാഖ് എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ഡാനിയേല വ്യാറ്റിനെ റിച്ച ഘോഷ് സ്റ്റംപ് ചെയ്‌തതോടെയാണ് 138 റണ്‍സ് നീണ്ട കൂട്ടുകെട്ട് പിരിഞ്ഞത്. ഇതോടെ സൈകയ്‌ക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടാനായി. വ്യാറ്റ് 47 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 75 റണ്‍സ് നേടി. 7 പന്തില്‍ 6 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിനെ മറ്റൊരു അരങ്ങേറ്റക്കാരി ശ്രേയങ്ക പാട്ടീല്‍ ബൗള്‍ഡാക്കി. 

ഇന്നിംഗ്‌സിലെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ നാറ്റ് സൈവര്‍ ബ്രണ്ട് വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. 53 പന്തില്‍ 13 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത നാറ്റിന്‍റെ വിക്കറ്റ് രേണുകയാണ് നേടിയത്. ഇന്നിംഗ്‌സില്‍ ശ്രേയങ്ക പാട്ടീലിന്‍റെ അവസാന ഓവറില്‍ റണ്‍സടിച്ച് എമി ജോണ്‍സും ഫ്രേയ കെംപും ഇംഗ്ലണ്ടിനെ വമ്പന്‍ സ്കോറിലെത്തിച്ചു. വെടിക്കെട്ട് ഫിനിഷിംഗുമായി എമി ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും അവസാന പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചിലൂടെ മടക്കി. എമി ജോണ്‍സ് 9 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 23 റണ്‍സ് സ്വന്തമാക്കി. 

Read more: വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശം; തിയതി കുറിച്ചുവച്ചോളൂ, അണ്ടര്‍ 19 ഏഷ്യാകപ്പ് നിലനിര്‍ത്താന്‍ നീലപ്പട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos