Asianet News MalayalamAsianet News Malayalam

മുംബൈയുടെ തോൽവിക്ക് കാരണം മോശം ക്യാപ്റ്റൻസി;ടീം അംഗങ്ങൾ ഹാർദ്ദിക്കിനെ അംഗീകരിക്കുന്നില്ലെന്ന് ഇർഫാൻ പത്താൻ

കൊല്‍ക്കത്ത 57-5ലേക്ക് കൂപ്പുകുത്തിയ സമയത്ത് ആറാം ബൗളറായ നമാന്‍ ധിറിനെക്കൊണ്ട് തുടര്‍ച്ചയായി മൂന്നോവര്‍ എറിയിക്കാനുള്ള ഹാര്‍ദ്ദിക്കിന്‍റെ  തീരുാമനം മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായെന്നും പത്താൻ.

Irfan Pathan slams Hardik Pandya for poor captaincy after KKR defeat
Author
First Published May 4, 2024, 9:30 AM IST

മുംബൈ: ഐപിഎല്ലില്‍ എട്ടാം തോല്‍വിയോടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച മുംബൈ ഇന്ത്യൻസിന്‍റെ വഴിയടച്ചത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.മുംബൈ കടലാസില്‍ കരുത്തരായ ടീമാണെങ്കിലും അവരെ നല്ല രീതിയില്‍ നയിക്കാന്‍ ഹാര്‍ദ്ദിക്കിനായില്ലെന്ന് മത്സരശേഷം ഇര്‍ഫാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

കൊല്‍ക്കത്ത 57-5ലേക്ക് കൂപ്പുകുത്തിയ സമയത്ത് ആറാം ബൗളറായ നമാന്‍ ധിറിനെക്കൊണ്ട് തുടര്‍ച്ചയായി മൂന്നോവര്‍ എറിയിക്കാനുള്ള ഹാര്‍ദ്ദിക്കിന്‍റെ  തീരുാമനം മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി. ഈ സമയം സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്ത മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.ആറാം ബൗളര്‍ക്ക് പകരം പ്രധാന ബൗളര്‍മാരെ ഈ സമയം പന്തെറിയിച്ച് വിക്കറ്റ് എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൊല്‍ക്കത്ത 150 കടക്കില്ലായിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം കാരണം കൊല്‍ക്കത്ത 20 റണ്‍സെങ്കിലും അധികം നേടി. അതാണ് കളിയില്‍ നിര്‍ണായകമായതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

മുംബൈ-കൊല്‍ക്കത്ത പോരാട്ടത്തില്‍ വീണ്ടും ടോസ് വിവാദം, ഇത്തവണയും മുംബൈയെ സഹായിച്ചത് മാച്ച് റഫറിയെന്ന് ആരോപണം

ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനാവണം അവസാന വാക്ക്. ക്യാപ്റ്റന്‍റെ തീരുമാനങ്ങള്‍ മറ്റുകളിക്കാര്‍ അംഗീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഹാര്‍ദ്ദിക്കിനെ അംഗീകരിക്കുന്നുവെന്ന് തോന്നുന്നില്ല.ഗ്രൗണ്ടില്‍ അവര്‍ ഒറ്റക്കെട്ടായല്ല കളിക്കുന്നതെന്നും ടീമിനകത്ത് ഗ്രൂപ്പുകള്‍ ഉണ്ടാകുന്നുണ്ടെന്നും പത്താന്‍ പറഞ്ഞു.

പത്താന്‍റെ അഭിപ്രായത്തോട് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും അംഗീകരിച്ചു. പുറമെ കാണുന്നതിനെക്കാള്‍ എന്തൊക്കെയോ മുംബൈ ടീമില്‍ നടക്കുന്നുണ്ടെന്നും ഏറ്റവും മികച്ച കളിക്കാര്‍ ഇങ്ങനെ സ്ഥിരതയില്ലാതെ കളിക്കുന്നത് അപൂര്‍വമാണെന്നും ക്ലാര്‍ക്ക് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.ടീമിലും ഡ്രസ്സിംഗ് റൂമില്‍ പോലും ഗ്രൂപ്പുകള്‍ ഉണ്ടെന്ന് വ്യക്തമാണ്.അവര്‍ ഒരു ടീമായിട്ടല്ല കളിക്കുന്നത്.ടീമിൽ ഒത്തിണക്കം കാണാനാകുന്നില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios