ലഞ്ചിന് ശേഷം ഇംഗ്ലണ്ടിനെ 387 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്.

ലോര്‍‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം ലഞ്ചിനുശേഷം ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 387 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി കരുണ്‍ നായരും 13 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റ് ഇന്ത്യക്ക് രണ്ടാം ഓവറില്‍ നഷ്ടമായത്. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യ ടെസ്റ്റിനിറങ്ങിയ ജോഫ്ര ആര്‍ച്ചറാണ് ജയ്സ്വാളിനെ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന്‍റെ കൈകളിലെത്തിച്ചത്.

ലഞ്ചിന് ശേഷം ഇംഗ്ലണ്ടിനെ 387 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ക്രിസ് വോക്സ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്ന ബൗണ്ടറി കടത്തിയ ജയ്സ്വാള്‍ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടക്കം13 റണ്‍സടിച്ചു. എന്നാല്‍ നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ആദ്യ ടെസ്റ്റിനിറങ്ങിയ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളില്‍ പതറിയ ജയ്സ്വാള്‍ ബീറ്റണായതിന് പിന്നാലെ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങി. തിരിച്ചുവരവിലെ തന്‍റെ മൂന്നാം പന്തിലാണ് ആര്‍ച്ചര്‍ വിക്കറ്റെടുത്തത്. എന്നാല്‍ ആര്‍ച്ചര്‍ പലവട്ടം പരീക്ഷിച്ചെങ്കിലും രാഹുലും കരുണും വീഴാതെ പിടിച്ചു നിന്നു.

Scroll to load tweet…

 

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബുമ്ര

നേരത്തെ 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ട്രിപ്പിള്‍ സ്ട്രൈക്കില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ 271-7 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ജാമി സ്മിത്തിന്‍റെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെയും അര്‍ധസെഞ്ചുറികളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്മിത്ത് 51 റണ്‍സെടുത്തപ്പോള്‍ കാര്‍സ് 56 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 84 റണ്‍സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കരിയറിലാദ്യമായി ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു.

ഇന്നലെ 99 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ട് രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ ബുമ്രയെ ബൗണ്ടറി കടത്തി 37-ാം ടെസ്റ്റ് സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി. 5 റണ്‍സെടുത്തു നില്‍ക്കെ സിറാജിന്‍റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ അവിശ്വസനിയമായി കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ സെഞ്ചുറിയുമായി ക്രീസില്‍ നിന്ന ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 199 പന്തില്‍ 103 റണ്‍സെടുത്ത റൂട്ട് 10 ബൗണ്ടറി പറത്തി. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് ബുമ്രയുടെ പന്തില്‍ റൂട്ട് പുറത്താവുന്നത്.

 

Scroll to load tweet…

റൂട്ട് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിന് നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടിയ ജീവന്‍ മുതലാക്കിയ ജാമി സ്മിത്തും ബ്രെയ്ഡന്‍ കാര്‍സും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേർത്ത് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ടിനെ 353 റണ്‍സിലെത്തിച്ചു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്മിത്ത് 51 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്.

എന്നാല്‍ ലഞ്ചിനുശേഷം ജാമി സ്മിത്തിനെ(51) വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജാണ് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ വമ്പനടികള്‍ക്ക് ശ്രമിച്ച കാര്‍സ് അര്‍ധസെഞ്ചുറി തികച്ചെങ്കിലും സിറാജിന്‍റെ യോര്‍ക്കറില്‍ വീണതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യക്കായി 27 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജ് 85 റണ്‍സിനും നിതീഷ് കുമാര്‍ 62 റണ്‍സിനും രണ്ട് വിക്കറ്റ് വീതം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക