Asianet News MalayalamAsianet News Malayalam

പേടിച്ചു വിറച്ച്, അവസാനം മുംബൈ ഇന്ത്യന്‍സ് തന്നെ ജയിച്ചു! ത്രില്ലറില്‍ പഞ്ചാബിനെ മറികടന്നത് ഒമ്പത് റണ്‍സിന്

വന്‍ തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. 14 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിംഗ് (0), റിലീ റൂസ്സോ (1), സാം കറന്‍ (6), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1) എന്നിവര്‍ വന്നത് പോലെ മടങ്ങി.

mumbai indians won over punjab kings by nine runs
Author
First Published Apr 18, 2024, 11:56 PM IST

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്. ജയിച്ചെങ്കിലും മുംബൈ ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. പഞ്ചാബ് ഒമ്പതാമതാണ്. 

വന്‍ തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. 14 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിംഗ് (0), റിലീ റൂസ്സോ (1), സാം കറന്‍ (6), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഹര്‍പ്രീത് സിംഗ് ഭാട്ടിയ (13), ജിതേഷ് ശര്‍മ (9) എന്നിവര്‍ കൂടി മടങ്ങിയതോടെ പഞ്ചാബ് ആറിന് 77 എന്ന നിലയിലായി. അവിടെ നിന്ന് അവിശ്വസനീയമായിട്ടാണ് ടീം തിരിച്ചുവന്നത്. ശശാങ്ക് സിംഗ് (25 പന്തില്‍ 41), അഷുതോശ് ശര്‍മ (28 പന്തില്‍ 61) എന്നിവലുടെ ഇന്നിംഗ്‌സുകള്‍ പഞ്ചാബിന് പ്രതീക്ഷ നല്‍കി. ശശാങ്ക് മടങ്ങിയെങ്കിലും അഷുതോശ് തുടര്‍ന്നു. ഹര്‍പ്രീത് ബ്രാറിനൊപ്പം 57 റണ്‍സാണ് താരം ചേര്‍ത്തത്. എന്നാല്‍ 18-ാം ഓവറിന്റെ ആദ്യ പന്തില്‍ താരം പുറത്തായതോടെ പഞ്ചാബിന്റെ പ്രതീക്ഷ അവസാനിച്ചു. ബ്രാറിന് (20 പന്തില്‍ 21) തോല്‍വി ഭാരം കുറയ്ക്കാനാണ് സാധിച്ചത്. കഗിസോ റബാദയാണ് (8) പുറത്തായ മറ്റൊരു താരം. ഹര്‍ഷല്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ മുംബൈക്ക് തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷന്റെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറില്‍ കഗിസോ റബാദയുടെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് രോഹിത് ശര്‍മ (25 പന്തില്‍ 36) - സൂര്യ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി കറന്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് തിലക വര്‍മ - സൂര്യ സഖ്യം 49 റണ്‍സ് ചേര്‍ത്തു. 

എന്തുകൊണ്ട് റോവ്മാന്‍ പവല്‍ അശ്വിന് പിന്നില്‍ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്

17-ാം ഓവറില്‍ സൂര്യയും കറന്റെ മുന്നില്‍ കീഴടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ടിം ഡേവിഡ് ഏഴ് പന്തില്‍ 14 റണ്‍സുമായി മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന് ഒരു റണ്‍സെടുക്കാനാണ സാധിച്ചത്. അവസാന പന്തില്‍ മുഹമ്മദ് നബി (0) റണ്ണൗട്ടായി. തിലക വര്‍മ 18 പന്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ക്യാപ്റ്റന്‍ സാം കറന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

Follow Us:
Download App:
  • android
  • ios