ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണറായി കെ എല്‍ രാഹുല്‍. 

ലണ്ടന്‍: ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോര്‍ഡില്‍ മുത്തമിട്ട് കെ എല്‍ രാഹുല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണറായി മാറിയിരിക്കുകയാണ് രാഹുല്‍. റെഡ്ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് മണ്ണില്‍ രാഹുല്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. 2018ല്‍ ഓവലിലും 2021ല്‍ ലോര്‍ഡ്‌സിലുമാണ് രാഹുല്‍ ഇതിന് മുന്‍പ് സെഞ്ച്വറികള്‍ നേടിയത്. ഓപ്പണര്‍മാരായി ഇറങ്ങി ഇംഗ്ലീഷ് മണ്ണില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിജയ് മര്‍ച്ചന്റ്, രവിശാസ്ത്രി എന്നിവരെ ഒരുമിച്ച് മറികടക്കാന്‍ കെ.എല്‍ രാഹുലിന് ഇതോടെ കഴിഞ്ഞു.

202 പന്തില്‍ കരുതലോടെ ബാറ്റേന്തിയാണ് രാഹുല്‍ ലീഡ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ ഒന്പതാം സെഞ്ച്വറിയാണിത്. ഇതില്‍ ആറ് സെഞ്ച്വറികളും വിദേശ പിച്ചുകളിലാണെന്നുള്ള പ്രത്യേകതയും ഉണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 42 റണ്‍സിനാണ് രാഹുല്‍ പുറത്തായത്. രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ റിഷഭ് പന്തിനെ തേടിയും നേരത്തെ നേട്ടങ്ങളെത്തിയിരുന്നു. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. രണ്ട് ഇന്നിംഗ്സിലേയും സെഞ്ചുറിക്ക് പിന്നാലെ പന്തിനെ തേടി മറ്റുചില നേട്ടങ്ങള്‍ കൂടിയെത്തി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്.

ഇംഗ്ലീഷ് മണ്ണില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും പന്താണ്. ലോക ക്രിക്കറ്റില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. മുന്‍ സിംബാബ്വെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ളവറാണ് ആദ്യ താരം. 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്ന ഫ്ളവറിന്റെ നേട്ടം. SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യന്‍ ബാറ്റര്‍ കൂടിയാണ് പന്ത്. വിരാട് കോലി (അഡ്ലെയ്ഡ്, 2014), രാഹുല്‍ ദ്രാവിഡ് (ഹാമില്‍ട്ടണ്‍, 1999), അസങ്ക ഗുരുസിന്‍ഹ (ഹാമില്‍ട്ടണ്‍, 1991), വിജയ് ഹസാരെ (അഡ്ലെയ്ഡ്, 1948) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.

അതേസമയം, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364ന് അവസാനിച്ചു. ലീഡ്സില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 371 റണ്‍സാണ്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്.

YouTube video player