userpic
user icon
0 Min read

ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും, ഫൈനല്‍ നവംബര്‍ 19ന്

ODI World Cup 2023 likely to begin on October 5 and end on November 19 at Ahamedabad  gkc
ICC World Cup Trophy

Synopsis

അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി. ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദികളാകുക.46 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍(സെമി ഫൈനല്‍, ഫൈനല്‍) ഉള്‍പ്പെടെ 48 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക.

 

മുംബൈ: ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും ഫൈനല്‍ എന്ന് 'ക്രിക് ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു.11 നഗരങ്ങളെ ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 ടീമുകളായിരിക്കും ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനുണ്ടാകുക.

അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി. ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദികളാകുക. 46 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍(സെമി ഫൈനല്‍, ഫൈനല്‍) ഉള്‍പ്പെടെ 48 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക.

ഏതൊക്കെ വേദികളില്‍ ഏതൊക്കെ ടീമുകള്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയിലെ മണ്‍സൂണ്‍ സീസണ്‍ അനുസരിച്ച് മഴകൂടി കണക്കിലെടുത്താകും വേദികള്‍ തീരുമാനിക്കുക. സാധാരണഗതിയില്‍ ഒരുവര്‍ഷം മുമ്പെ ഐസിസി ലോകകപ്പ് മത്സരക്രമം പുറത്തുവിടാറുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബിസിസിഐക്ക് ലഭിക്കേണ്ട നികുതി ഇളവുകളുടെയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുവേണ്ട ലഭിക്കേണ്ട വിസ അനുമതിയും വൈകുന്നതിനാലാണ് ഇത്തവണ തീരുമാനം വൈകുന്നത്.

സഞ്ജുവിനെ ടീമിലെടുക്കണമെന്ന മുറവിളിക്ക് വിലയില്ലേ, സൂര്യക്ക് കട്ട സപ്പോര്‍ട്ടുമായി ദ്രാവിഡ്

പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ അനുമതി ലഭിക്കുമെന്ന കാര്യത്തില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ ഐസിസിക്ക് ബിസിസിഐ ഉറപ്പു നല്‍കിയിട്ടുണ്ട്. നികുതി ഇളവ് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം അനുകൂലമാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട് ഐസിസിയുമായി 2014ല്‍ ബിസിസിഐ ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരില്‍ നിന്ന് നികുതി ഇളവ് ലഭിക്കേണ്ടതുണ്ട്.

ഇംഗ്ലണ്ടാണ് ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു ഇംഗ്ലണ്ട് കിരീടം നേടിയത്. പിന്നീട് ബൗണ്ടറികളുടെ എണ്ണത്തില്‍ വിജയികളെ നിര്‍ണയിക്കുന്ന നിയമം ഐസിസി എടുത്തുകളഞ്ഞു.

Latest Videos