Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ടീമിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു ഒടുവില്‍ ലോകകപ്പിന്, ആവേശത്തില്‍ ആരാധകര്‍

സഞ്ജുവിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുംബെക്കും ലോകകപ്പ് ടീമില്‍ ഇടം നല്‍കിയതിന് സെലക്ടര്‍മാരെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആരാധകര്‍ അഭിനന്ദിക്കുമ്പോഴും റിങ്കു സിംഗിന് 15 അംഗ ടീമില്‍ ഇടം ലഭിക്കാത്തത് ആരാധകരെ നിരാശരാക്കി.

Sanju Samson and Shivam Dube in T20 World Cup Team, Fans responds
Author
First Published Apr 30, 2024, 4:51 PM IST

മുംബൈ:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ ആവേശത്തില്‍ ആരാധകര്‍. ഐപിഎല്ലിൽ ഈ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിനെ സെലക്ടര്‍മാര്‍ക്ക് പതിവുപോലെ അവഗണിക്കാൻ കഴിഞ്ഞില്ലെന്ന് ആരാധകര്‍ പറയുന്നു. 10 വര്‍ഷമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്ന സഞ്ജുവിനെ തേടി ലോകകപ്പ് ടീമിലെ സ്ഥാനമെത്തുമ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകരാമാണെന്നും ആരാധകര്‍ പറയുന്നു. 2015 ജൂലെ 19ന് സിംബാബ്‌വെക്കെതിരെ ഇന്ത്യൻ ടി20 ടീമില്‍ അരങ്ങേറിയ സഞ്ജു പിന്നീട് പലപ്പോഴും ടീമില്‍ വന്നും പോയും ഇരുന്നെങ്കിലും 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പില്‍ കളിക്കുന്നത്. ഇതിനിടെ നടന്ന 2016, 2021, 2022 ടി20 ലോകകപ്പുകളിലും 2019, 2023 ഏകദിന ലോകകപ്പുകളിലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടെന്നോ ആരൊക്കെ ഇല്ലെന്നോ നോക്കുന്നതിന് പകരം ആദ്യം നോക്കിയ പേര് സഞ്ജു സാംസണിന്‍റേത് മാത്രമാണെന്ന് ഒരു ആരാധകന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. സഞ്ജുവിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുംബെക്കും ലോകകപ്പ് ടീമില്‍ ഇടം നല്‍കിയതിന് സെലക്ടര്‍മാരെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആരാധകര്‍ അഭിനന്ദിക്കുമ്പോഴും റിങ്കു സിംഗിന് 15 അംഗ ടീമില്‍ ഇടം ലഭിക്കാത്തത് ആരാധകരെ നിരാശരാക്കി.

വെറും 6 മിനിറ്റ്, 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ; വിൽ ജാക്സിന്‍റെ അടി കണ്ട് അന്തംവിട്ട് കോലി

ഐപിഎല്ലിന് മുമ്പെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പായിരുന്ന റിങ്കുവിന് ഐപിഎല്ലില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നും ലഭിച്ച അവസരങ്ങളില്‍ വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കഴിയാതിരുന്നതുമാണ് തിരിച്ചടിയായത്. ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലെത്തിയപ്പോള്‍ ടീം കോംബിനേഷനില്‍ റിങ്കു സിംഗിനെ ഉള്‍പ്പെടുത്തുക അസാധ്യമാകുകയായിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍,  ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios