അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്

Synopsis
അന്ന് പൊതുവെ നാണംകുണുങ്ങിയും അന്തര്‍മുഖനുമായിരുന്നു ഞാന്‍. എങ്കിലും ഭാഗ്യം കൊണ്ട് ബോള്‍ ബോയ് ആവാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഞാനും ഉള്‍പ്പെട്ടു.
ചണ്ഡീഗഡ്: ഐപിഎല്‍ ഇന്ത്യൻ ക്രിക്കറ്റിലെ പലരുടെയും തലവര മാറ്റിയിട്ടുണ്ട്. 13 കാരന്‍ വൈഭവ് സൂര്യവൻശി മുതല്‍ 43 കാരന്‍ എം എസ് ധോണി വരെ കളിക്കുന്ന ഐപിഎല്ലില്‍ ആദ്യ ഐപിഎല്‍ സീസണെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യം പങ്കുവെച്ചിരിക്കുകയാണ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനും ഈ സീസണില്‍ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍. ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രേയസ് തന്‍റെ ആദ്യ ഐപിഎല്‍ അനുഭവം പങ്കിട്ടത്.
2008ലെ ആദ്യ ഐപിഎല്ലിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യൻസ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ബോള്‍ ബോയ് ആയിരുന്നു താനെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. സ്ട്രീറ്റ് ക്രിക്കറ്റ് കളിച്ചാണ് ഞാന്‍ വളര്‍ന്നത്. മുംബൈ അണ്ടര്‍ 14 ടീമില്‍ കളിക്കുന്ന കാലത്താണ് മുംബൈ ടീമിലെ എല്ലാ കളിക്കാരെയും ഐപിഎല്ലിലെ മുംബൈ-ആര്‍സിബി പോരാട്ടത്തിനുള്ള ബോള്‍ ബോയ്സായി തെരഞ്ഞെടുത്തത്. എന്‍റെ ആദ്യ ഐപിഎല്‍ അനുഭവമായിരുന്നു അത്.
അന്ന് പൊതുവെ നാണംകുണുങ്ങിയും അന്തര്‍മുഖനുമായിരുന്നു ഞാന്‍. എങ്കിലും ഭാഗ്യം കൊണ്ട് ബോള്‍ ബോയ് ആവാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഞാനും ഉള്‍പ്പെട്ടു. എന്‍റെ കൂടെയുള്ളവരെല്ലാം കളിക്കാരെ പരിചയപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ മാറി നില്‍ക്കാറാണ് പതിവ്. എങ്കിലും അക്കാലത്തെ എന്‍റെ ഇഷ്ടതാരമായിരുന്ന റോസ് ടെയ്‌ലറെ അടുത്ത് കിട്ടിയപ്പോള്‍ ഞാനും അദ്ദേഹത്തെ പരിചയപ്പെട്ടു. ഞാനദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണെന്ന്. അദ്ദേഹം ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു. എന്‍റെ കൂടെയുള്ളവരെല്ലാം കളിക്കാരോട് ബാറ്റും ഗ്ലൗസുമെല്ലാം ചോദിക്കുമ്പോള്‍ വേണമെന്നുണ്ടെങ്കിലും എനിക്ക് ചോദിക്കാന്‍ മടിയായിരുന്നു.
റിസ്‌വാന്‍റെ ഇംഗ്ലീഷിനെ കളിയാക്കിയ ഓസ്ട്രേലിയന്‍ താരത്തെ നിര്‍ത്തി പൊരിച്ച് ആരാധകര്‍
ഒരിക്കല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇര്‍ഫാന്‍ പത്താന്‍ ഞങ്ങള്‍ക്കൊപ്പം ബൗണ്ടറി ലൈനിന് പുറത്ത് വന്നിരുന്ന് കളി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്നും ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. ബോള്‍ ബോയ് ആയിരുന്ന ആദ്യ ഐപിഎല്‍ കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് കുപ്പായത്തില്‍ 2015ല്‍ ഐപിഎല്ലില്‍ കളിക്കാരനായി അരങ്ങേറിയ ശ്രേയസ് ആ സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക