Asianet News MalayalamAsianet News Malayalam

നാല് വിക്കറ്റ് വീണ ശേഷം നാലുപാടും അടിപൂരം; പാകിസ്ഥാന് റെക്കോർഡ്

43ന് നാല് വിക്കറ്റ് നഷ്ടമായ ശേഷമുള്ള വെടിക്കെട്ടില്‍ പാകിസ്ഥാന്‍ ഒരുപിടി റെക്കോർഡ് സ്വന്തമാക്കി

T20 World Cup 2022 PAK vs SA Pakistan Sets multiple records in T20I
Author
First Published Nov 3, 2022, 3:26 PM IST

സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12ലെ പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം തുടക്കത്തില്‍ കണ്ടവരെല്ലാം പ്രതീക്ഷിച്ചത് പാക് ബാറ്റിംഗ് ദുരന്തമാണ്. കാരണം നാല് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ പാകിസ്ഥാന് 6.3 ഓവറില്‍ 43 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ അവിടുന്നങ്ങോട്ട് ടോപ് ഗിയറിലായി ബാറ്റിംഗ് വെടിക്കെട്ടും കൂറ്റന്‍ സ്കോറും പടുത്തുയർത്തുന്ന പാകിസ്ഥാനെയാണ് ഏവരും കണ്ടത്. വെടിക്കെട്ടിന് ആകാരം കൂട്ടി റെക്കോർഡുകളും പാക് ടീം പേരിലാക്കി. 

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ആറാമനായി ക്രീസിലെത്തിയ മുഹമ്മദ് നവാസ് 22 പന്തില്‍ 28 റണ്‍സെടുത്തതോടെയാണ് പാകിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചത്. 13-ാം ഓവറിലെ അവസാന പന്തില്‍ തബ്രൈസ് ഷംസി, നവാസിനെ(22 പന്തില്‍ 28 പുറത്താക്കി. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് ഇഫ്തിഖർ അഹമ്മദും ഷദാബ് ഖാനും അണിയിച്ചൊരുക്കിയ സിക്സർ മഴ. 19-ാം ഓവറില്‍ ആന്‍‍റിച്ച് നോർക്യയെ തുടർച്ചയായി രണ്ട് സിക്സിന് പറത്തി വെറും 20 പന്തില്‍ അമ്പത് തികച്ച ഷദാബായിരുന്നു കൂടുതല്‍ ആക്രമകാരി. പിന്നാലെ ഷദാബിനെയും മുഹമ്മദ് വസീം ജൂനിയറിനേയും അടുത്ത പന്തുകളില്‍ നോർക്യ പുറത്താക്കിയെങ്കിലും പാകിസ്ഥാന്‍ നല്ല സ്കോർ ഉറപ്പിച്ചു. ഷദാബ് 22 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും ഉള്‍പ്പടെ 52 റണ്‍സ് നേടി. വസീം ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.

പാക് ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഇഫ്തിഖർ അഹമ്മദിന്‍റെ പ്രതിരോധം അവസാനിച്ചു. ഇഫ്തിഖർ(35 പന്തില്‍ 51) റൈലി റൂസ്സോയുടെ സുന്ദരന്‍ ക്യാച്ചിലാണ് മടങ്ങിയത്. അവസാന പന്തില്‍ ഹാരിസ് റൗഫ് റണ്ണൌട്ടാവുകയും ചെയ്തു. എന്നാല്‍ 43ന് നാല് വിക്കറ്റ് നഷ്ടമായ ശേഷമുള്ള വെടിക്കെട്ടില്‍ പാകിസ്ഥാന്‍ രണ്ട് മിന്നും റെക്കോർഡ് സ്വന്തമാക്കി. ടി20യില്‍ ആദ്യമായാണ് ആദ്യം ബാറ്റ് ചെയ്യവേ നാല് വിക്കറ്റ് വീണ ശേഷം പാക് താരങ്ങള്‍ രണ്ട് 50+ പാർട്ണർഷിപ്പ് സ്ഥാപിക്കുന്നത്. മാത്രമല്ല, നാലാം വിക്കറ്റ് വീണ ശേഷം പാകിസ്ഥാന്‍ 142 റണ്‍സ് സ്വന്തമാക്കി. ഇതും റെക്കോർഡാണ്. ഇതോടെ പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 185 എന്ന സ്കോർ ബോർഡില്‍ എഴുതിച്ചേർക്കുകയായിരുന്നു. 

ഇഫ്തിഖറും ഷദാബും രക്ഷകരായി; ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍

Latest Videos
Follow Us:
Download App:
  • android
  • ios