അതൃപ്തി പരസ്യമാക്കി കോലി; കുടുംബത്തെ കൂടെ കൂട്ടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നല്‍കാന്‍ ബിസിസിഐ

Synopsis
കഴിഞ്ഞ ദിവസം ആര്‍സിബിയുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂടെ കൂട്ടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിരാട് കോലി പരസ്യനിലപാടെടുത്തത്.
മുംബൈ: ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ ബിസിസിഐ. വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂട്ടുന്നതിന് ബിസിസിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യൻ താരം വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ബിസിസിഐനിലപാട് മയപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വിദേശ പരമ്പരകളില്‍ ഇപ്പോള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ സമയം കുടുംബത്തെ കൂടെ നിര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് ബിസിസിഐ ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ആര്‍സിബിയുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂടെ കൂട്ടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിരാട് കോലി പരസ്യനിലപാടെടുത്തത്.
മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി
45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും അതില്‍ താഴെയുള്ള പരമ്പരകളില്‍ പരമാവധി ഒരാഴ്ച മാത്രവും കുടുംബത്തെ കൂടെ കൂട്ടാന്‍ അനുവദിക്കൂ എന്നായിരുന്നു ബിസിസിഐ മാര്‍ഗനിര്‍ദേശം. ചാമ്പ്യൻസ് ട്രോഫി മുതല്‍ ബിസിസിഐ തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍സിബി സമ്മിറ്റില്‍ സംസാരിക്കവെ കോലി ഇതിനെതിരെ രംഗത്തു വരികയായിരുന്നു. ഗ്രൗണ്ടിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആര്‍സിബി സമ്മിറ്റില്‍ പറഞ്ഞിരുന്നു.നിങ്ങള്‍ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍മുറിയില്‍ ദു:ഖിച്ചിരിക്കാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണരീതിയില്‍ ഇരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കളിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് കളിക്കാരന്‍റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു. ജീവിതത്തില്‍ പലപ്പോഴും പല സാഹചര്യങ്ങൾ ചേര്‍ന്നാണ് നമ്മളെ നോര്‍മലായി ഇരിക്കാന്‍ സഹായിക്കുന്നത്. മോശമായ അർത്ഥത്തിലല്ല ഇത് പറയുന്നത്. കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞാല്‍ എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് സാധാരണ കുടുംബ ജീവിതം നയിക്കാനും-കോലി പറഞ്ഞു.
ശ്രേയാ ഷോഷാല്‍ മുതല്‍ ദിഷ പഠാണിവരെ, ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് വന്‍താരനിര
ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു താരം ഭാര്യയെയും ഭാര്യയുടെ അമ്മൂമ്മയെയും കുട്ടികളെ നോക്കാനായി ആയയെയും വരെ ബിസിസിഐ ചെലവില്‍ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും ഇത് വിരാട് കോലിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു താരം പേഴ്സണല്‍ കുക്കിനെ കൊണ്ടുപോയിരുന്നുവെന്നും വേറൊരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിസിസിഐ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായതോടെയാണ് ബിസിസിഐ നിലപാട് മയപ്പെടുത്തുന്നത് എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക