ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത്.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു റിഷഭ് പന്ത്. ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സ് നേടിയ പന്ത്, രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സും സ്വന്തമാക്കി. പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ തേടി പുതിയ റെക്കോര്‍ഡ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. രണ്ട് ഇന്നിംഗ്‌സിലേയും സെഞ്ചുറിക്ക് പിന്നാലെ പന്തിനെ തേടി മറ്റുചില നേട്ടങ്ങള്‍ കൂടിയെത്തി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്.
ലീഡ്‌സില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് പന്ത് പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം, പുതിയ സെഞ്ചുറി ആഘോഷവും പന്ത് നടത്തി. പന്തിന്റെ സെഞ്ചുറി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌ക്കറും ആഘോഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, പന്തിനോട് ഗ്രൗണ്ടില്‍ കൈ കുത്തി നടക്കാനും ഗവാസ്‌കര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് പിന്നീട് ആവാമെന്നും പന്തിന്റെ മറുപടി. ആദ്യ ഇന്നിംഗില്‍ സെഞ്ചുറി നേടിയപ്പോള്‍ പന്ത് ഇത്തരത്തില്‍ ആഘോഷം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ പന്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. വീഡിയോ കാണാം..
സെഞ്ചുറിക്കൊപ്പം മറ്റുചില നേട്ടങ്ങള്‍ കൂടി പന്തിന്റെ അക്കൗണ്ടിലായി. ഇംഗ്ലീഷ് മണ്ണില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും പന്താണ്. ലോക ക്രിക്കറ്റില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. മുന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്‌ളവറാണ് ആദ്യ താരം. 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്ന ഫ്‌ളവറിന്റെ നേട്ടം. SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യന്‍ ബാറ്റര്‍ കൂടിയാണ് പന്ത്. വിരാട് കോലി (അഡ്‌ലെയ്ഡ്, 2014), രാഹുല്‍ ദ്രാവിഡ് (ഹാമില്‍ട്ടണ്‍, 1999), അസങ്ക ഗുരുസിന്‍ഹ (ഹാമില്‍ട്ടണ്‍, 1991), വിജയ് ഹസാരെ (അഡ്‌ലെയ്ഡ്, 1948) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
അതേസമയം, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 364ന് അവസാനിച്ചു. പന്തിന് പുറമെ കെ എല്‍ രാഹുല്‍ (137) സെഞ്ചുറി നേടി. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ലീഡ്‌സില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 371 റണ്‍സാണ്. ജസ്പ്രിത് ബുമ്രയുടെ ബൗളിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.