Asianet News MalayalamAsianet News Malayalam

കോലി നടത്തിയത് യഥാര്‍ത്ഥത്തില്‍ 'ഫേക്ക് ഫീല്‍ഡിംഗ്'ആണോ?; എന്താണ് ക്രിക്കറ്റ് നിയമത്തില്‍ പറയുന്നത്

ക്രിക്കറ്റ് നിയമം 41.5.1ല്‍ ഫേക്ക് ഫീല്‍ഡിംഗിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.  ബൗളര്‍ ബാറ്റര്‍ക്കുനേരെ ഒരു പന്തെറിഞ്ഞശേഷം ഏതെങ്കിലും ഒരു ഫീല്‍ഡര്‍ ബോധപൂര്‍വം വാക്കുകള്‍ കൊണ്ടോ, പ്രവര്‍ത്തികള്‍ കൊണ്ടോ ബാറ്റര്‍മാരിലാരെയെങ്കിലും കബളിപ്പിക്കുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്താല്‍ അത് ഫേക്ക് ഫീല്‍ഡിംഗ് ആയി കണക്കാക്കപ്പെടും.

What is fake fielding the rule says this
Author
First Published Nov 4, 2022, 2:41 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സെമിയിലെത്താനുള്ള പോരാട്ടം മുറുകുന്നതിനിടെ അമ്പയര്‍മാര്‍ ഇന്ത്യക്ക് അനുകൂലമായി തിരുമാനങ്ങള്‍ എടുക്കുന്നുവെന്നുള്ള ആരോപണങ്ങളും ശക്തമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്താതെ പുറത്തായത് ഐസിസിക്ക് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയെ എങ്ങനെയും സെമിയിലെത്തിക്കാനാണ് ഐസിസി ശ്രമിക്കുന്നത് എന്നുമാണ് പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള ടീമുകള്‍ ആരോപിക്കുന്നത്. പാക്കിസ്ഥാനെതിരായ നോ ബോള്‍ വിവാദത്തിന് പിന്നാലെ ബംഗ്ലാദേശിനെതിരായ വിരാട് കോലിയുടെ ഫേക്ക് ഫീല്‍ഡിംഗ് വിവാദവുമാണ് ഇപ്പോള്‍ കത്തിപ്പടരുന്നത്. കോലിയുടെ ഫീല്‍ഡിംഗിനെതിരെ ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്താണ് ഫേക്ക് ഫീല്‍ഡിംഗ്

ക്രിക്കറ്റ് നിയമം 41.5.1ല്‍ ഫേക്ക് ഫീല്‍ഡിംഗിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.  ബൗളര്‍ ബാറ്റര്‍ക്കുനേരെ ഒരു പന്തെറിഞ്ഞശേഷം ഏതെങ്കിലും ഒരു ഫീല്‍ഡര്‍ ബോധപൂര്‍വം വാക്കുകള്‍ കൊണ്ടോ, പ്രവര്‍ത്തികള്‍ കൊണ്ടോ ബാറ്റര്‍മാരിലാരെയെങ്കിലും കബളിപ്പിക്കുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്താല്‍ അത് ഫേക്ക് ഫീല്‍ഡിംഗ് ആയി കണക്കാക്കപ്പെടും. ലളിതമായി പറഞ്ഞാല്‍ ഒരു ഫീല്‍ഡര്‍ ബാറ്ററെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പന്ത് സമീപത്തൊന്നും ഇല്ലാതിരിക്കെ വ്യാജമായി ഡൈവ് ചെയ്യുകയോ പന്തെടുത്ത് ത്രോ ചെയ്യുന്നതുപോലെ ആംഗ്യം കാണിക്കുകയോ ചെയ്തുവെന്ന് അമ്പയര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഫീല്‍ഡീം ടീമിന് അഞ്ച് റണ്‍സ് പിഴയായി വിധിക്കാന്‍ അമ്പയര്‍ക്ക് അധികാരമുണ്ടായിരിക്കും.

'വിരാട് കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ്'; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

ബാറ്റര്‍ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെട്ടോ എന്നത് വിഷയമല്ല. ഫീല്‍ഡര്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്തുവെന്ന് അമ്പയറുടെ ബോധ്യമാണ് ഇവിടെ പിഴ വിധിക്കാനുള്ള മാനദണ്ഡം. ബംഗ്ലാദേശിനെതിരെ വിരാട് കോലി ഫേക്ക് ഫീല്‍ഡിംഗ് നടത്തിയതുകണ്ട് ബംഗ്ലാദേശി ബാറ്റര്‍മാര്‍ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെട്ടിരുന്നില്ല. അവര്‍ അനായാസം രണ്ട് റണ്‍ ഓടി പൂര്‍ത്തിയാക്കിയിരുന്നു. ബൗണ്ടറിയില്‍ നിന്ന് അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ത്രോ സ്വീകരിച്ച് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്ക് എറിയുന്ന പോലെയാണ് കോലി കാണിച്ചത്. എന്നാല്‍ അര്‍ഷ്ദീപ് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലേക്ക് ആണ് എറിഞ്ഞത്.

ബംഗ്ലാദേശിനെതിരെ ഇന്ത്യ കളി ജയിച്ചത് അഞ്ച് റണ്‍സിനാണ്. ഫേക്ക് ഫീല്‍ഡിംഗിന് അഞ്ച് റണ്‍സ് പിഴ വിധിച്ചാല്‍ ആ റണ്‍സും ഓടിയെടുത്ത രണ്ട് റണ്‍സും അടക്കം ഏഴ് റണ്‍സ് ബംഗ്ലാ സ്കോറിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടും. സ്വാഭാവികമായും ബംഗ്ലാദേശ് കളി ജയിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ബംഗ്ലാദേശ് താരങ്ങളും വാദം.

Latest Videos
Follow Us:
Download App:
  • android
  • ios