userpic
user icon
0 Min read

തോക്കെടുത്ത് മലയാളി; ഒരു വർഷം 6 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 3 പേർ, എയർഗൺ ആക്രമണങ്ങള്‍ വർധിക്കുന്നു

air gun attack cases increase in kerala 2023 3 killed in 6 attacks vkv
Air gun attack

Synopsis

മേയ് 30 നാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ എയർഗൺ ആക്രമണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലിൽ രഞ്ജിത്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്.

കൊച്ചി: സംസ്ഥാനത്ത് എയർഗൺ ആക്രമണങ്ങള്‍ വർധിക്കുന്നു. മലയാളി തോക്കെടുത്തതോടെ ഈ വർഷം മാത്രം സംസ്ഥാനത്ത് ഉണ്ടായത് 6 എയർഗണ്‍ ആക്രമണങ്ങളാണ്. മൂന്ന് പേരാണ് ഈ വർഷം എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് കേരളത്തിൽ കൊല്ലപ്പെട്ടത്.  ഒരു വർഷത്തിനിടെ സംസ്ഥാനത്ത് എയർഗണ്ണുകളുടെ വിൽപനയിൽ ഉണ്ടായത് വൻ വ‌ർധന. ഇതോടൊപ്പം എയർഗൺ ആക്രമണങ്ങളും സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022 ലും അഞ്ചിലേറെ എയ‍ർഗൺ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

മേയ് 30 നാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ എയർഗൺ ആക്രമണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലിൽ രഞ്ജിത്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്. ജൂലൈ 29, വയനാട് കന്പളക്കാട് ചൂരത്തൊട്ടിയിൽ എയര്‍ഗണ്ണുപയോഗിച്ച് മൂന്നുപേരെ വെടിവച്ച ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മലങ്കര പണിയ കോളനിയിലെ യുവാവിനു നേരെ ബിജു വെടിയുതിര്‍ക്കുകയായിരുന്നു. 

ശബ്ദം കേട്ട് ഓടിയെത്തിയ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേർക്കു നേരെയും പ്രതി വെടിയുതിർത്തു. മാനസിക പ്രശ്നങ്ങളുള്ള ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഓഗസ്റ്റ് 27, മലപ്പുറം പൊന്നാനി പെരുമ്പടപ്പില്‍ സുഹൃത്തിന്‍റെ എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ആമയം സ്വദേശി ഷാഫി കൊല്ലപ്പെട്ടു. സുഹൃത്തായ സജീവൻ എയര്‍ഗണ്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കുന്നതിനടെ അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 ന്, ആലപ്പുഴ പളളിപ്പാട് വിമുക്തഭടനൻ ബന്ധുവിനെ എയര്‍ഗണ കൊണ്ട് വെടിവെച്ച് കൊന്നു. കുടുംബ തർക്കങ്ങളായിരുന്നു കാരണം. ഒരു മാസം തികയും മുന്പ് സെപ്റ്റംബര്‍ 18 ന് കണ്ണൂര്‍ പാനൂരില്‍ മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവ് സ്വന്തം മകനെ വെടിവെച്ചു. വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച എയർഗണ്ണാണ് വില്ലനായത്. പരിക്കേറ്റെങ്കിലും മകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പത്തു ദിവസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ ആലുവയിൽ സ്വന്തം സഹോദരനെ ഹൈക്കോടതി ജീവനക്കാരൻ കൊലപ്പെടുത്തിയത്. ഹൈക്കോടതി ജീവനക്കാരനായ തോമസ് എയർഗണ്‍ ഉപോയോഗിച്ചാണ് ജ്യേഷ്ഠൻ പോൾസനെ കൊലപ്പെടുത്തിയത്.വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. അർബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോൾസൻ അച്ഛനുമായും അനുജനുമായും തർക്കം പതിവായിരുന്നു. ഇന്നലെയും പ്രശ്നം ഉണ്ടായി. പിന്നാലെ എയർഗണ്‍കൊണ്ട് സഹോദരനെ വെടിവെയ്ക്കുകയായിരുന്നു.  കൊലപാതകത്തിന് ശേഷം തോമസ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. 

Read More : കോട്ടയത്ത് 1.25 കിലോയുമായി മലയാളി, തലയോലപ്പറമ്പ് 1.5 കിലോയുമായി അതിഥി തൊഴിലാളികൾ, വൻ കഞ്ചാവ് വേട്ട

Latest Videos