Asianet News MalayalamAsianet News Malayalam

14 വിദ്യാർഥിനികളെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റിൽ

ലൈംഗികാതിക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത 14 വിദ്യാർഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ തെളിവുകൾ ശേഖരിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.

Headmaster arrested for sexual harassment of 14 girl students
Author
First Published Apr 8, 2024, 10:43 AM IST

മം​ഗളൂരു: കർണാടക കാർക്കളയിൽ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റിൽ. ബോല ഗ്രാമത്തിലെ ബരാബൈലു ഗവൺമെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിലിയൂർ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു. 

2023 ജൂൺ 5 നും 2024 ഏപ്രിൽ 3 നും ഇടയിൽ ഇയാൾ വിദ്യാർഥികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, ഒരു വിദ്യാർത്ഥിയുടെ സഹോദരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകൾ അയച്ച് ശല്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. തുടർന്ന് ​ഗ്രാമീണർ ഇയാൾക്ക് താക്കീത് നൽകി. എന്നാൽ പീഡനം തുടർന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ യൂണിറ്റ്) സ്‌കൂൾ സന്ദർശിച്ച് സമഗ്രമായ അന്വേഷണം നടത്തി.

ലൈംഗികാതിക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത 14 വിദ്യാർഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ തെളിവുകൾ ശേഖരിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. പ്രധാനാധ്യാപകൻ രാജേന്ദ്ര ആചാരി വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാർക്കള റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിന്നീട് ഏപ്രിൽ ആറിന് ഉഡുപ്പിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കോടതി.

Latest Videos
Follow Us:
Download App:
  • android
  • ios