Asianet News MalayalamAsianet News Malayalam

'ഡോൺ ബോസ്കോ'; വ്യാജ പേരുപയോഗിച്ചത് ആര്യ, നവീനും ദേവിയും തമ്മിലുള്ള ചാറ്റ്, ദുരൂഹത ഉണർത്തി ഇ-മെയിലുകൾ

ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ്  പൊലീസ് സംശയിക്കുന്നത്. ആര്യയും നവീനും ദേവിയും തമ്മിൽ വ്യത്യസ്ത പേരുകളിൽ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Malayali trio death in Arunachal police suspects mystery in email chat of naveen and arya
Author
First Published Apr 9, 2024, 10:02 AM IST

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണർത്തി ഇമെയിലുകൾ. ആര്യയുടെയും നവീനിന്‍റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശമാണെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ്  പൊലീസ് സംശയിക്കുന്നത്. 

ആര്യയും നവീനും ദേവിയും തമ്മിൽ വ്യത്യസ്ത പേരുകളിൽ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്‍റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തി നിൽക്കുന്നതെന്നാ സൂചന. അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ടിനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെ അരുണാചലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.  പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. . കഴിഞ്ഞ മാസം 17നാണ് നവീനും ഭാര്യയും കോട്ടയെത്ത് നിന്നും യാത്ര പോവുകയാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങുന്നത്. പിന്നാലെ മാർച്ച് 27ന് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായി.  വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൂവരെയും ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More : കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലർജി, കഴുത്തിൽ നീര്; തൊടുപുഴയിൽ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios