Asianet News MalayalamAsianet News Malayalam

ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, 4 ലക്ഷം രൂപ കവര്‍ന്നു; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറെന്നയാളാണ് പരാതിക്കാരന്‍.

youth kidnapped and robbed in wayanad
Author
First Published Jan 29, 2023, 12:24 AM IST

കല്‍പ്പറ്റ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതിന് ശേഷം വഴിയിലുപേക്ഷിച്ചതായി പരാതി. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട് ബസിലും ക്രെയിനിലുമിടിച്ച് അപകടവുമുണ്ടാക്കി. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറെന്നയാളാണ് പരാതിക്കാരന്‍.

കൊടുവള്ളിയില്‍ നിന്നും കെ.എസ്. ആര്‍.ടി.സി ബസില്‍ കല്‍പ്പറ്റ സ്റ്റാന്റിലിറങ്ങിയ ഉടന്‍ ബസിലെ യാത്രക്കാരനായിരുന്ന മറ്റൊരാളും ഇന്നോവ കാറിലെത്തിയ മൂന്ന് പേരും ചേര്‍ന്ന് വലിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ശേഷം വെങ്ങപ്പള്ളി എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും അബൂബക്കര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ മാനന്തവാടി ഗവ.ഹൈസ്‌ക്കൂളിന് സമീപം പിന്നീട് അപകടത്തില്‍പ്പെട്ടിരുന്നു.  

അമിത വേഗത്തിലെത്തിയ കാര്‍ കെ.എസ് ആര്‍.ടി.സി ബസ്സിനും, ക്രെയിനിലും ഇടിച്ചു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഇറങ്ങിയോടിയതായി നാട്ടുകാര്‍ പറഞ്ഞു. പരാതിക്കാരനായ അബൂബക്കര്‍ കല്‍പ്പറ്റ സ്റ്റാന്റിലേക്കെത്തിയ ബസില്‍ തന്നെയാണ്  കാറിടിച്ച് അപകടമുണ്ടായതെന്നും പറയുന്നു. പാരിതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബസ് ജീവനക്കാരോട് അടക്കം കാര്യങ്ങള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അപകടത്തില്‍പ്പെട്ട കാര്‍ വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ എത്തി വിശദമായി പരിശോധിച്ചു. വാഹനം സഞ്ചരിക്കാന്‍ സാധ്യതയുള്ള റോഡുകള്‍ക്ക് ഇരുവശവുമുള്ള സ്ഥാപനങ്ങളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കല്‍പ്പറ്റ പൊലീസ് ഒരുങ്ങുന്നത്.

Read More : പണവും സ്കോച്ച് വിസ്കിയും വേണം; വ്യവസായില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍

Follow Us:
Download App:
  • android
  • ios