Asianet News MalayalamAsianet News Malayalam

ഈ 'കൂട്ടി'ൽ നിന്നും രക്ഷയില്ലാത്തത് ആർക്ക്? ചോദ്യവുമായി 'ദ കേജ്'

'ആരുടെ ദൈവ'മെന്ന ചോദ്യമവശേഷിപ്പിച്ച് കൊണ്ട് ഇപ്പോഴും ക്ഷേത്രത്തിന് പുറത്ത് നിർത്തപ്പെടുന്ന മനുഷ്യരുള്ള നാടാണ് ഇന്ത്യ. പലതരം അനാചാരങ്ങളുണ്ട് ഇവിടെ. എണ്ണമില്ലാത്ത പീഡന വാർത്തകൾ കേട്ടാണ് ഓരോ ദിവസവും നാം ഉണരുന്നതും ഉറങ്ങുന്നതും.  

nireeksha national womens theatre festival 2023 the cage by debina rakshith rlp
Author
First Published Dec 28, 2023, 12:08 PM IST

കാലം, ദേശം, ഭാഷ തുടങ്ങി സകലതിനെയും അതിജീവിക്കുന്നതാണ് കല. അതിന്‍റെ ഭംഗിയും കരുത്തുമിരിക്കുന്നതും അവിടെ തന്നെ. അതിനുള്ള തെളിവായിരുന്നു 'നിരീക്ഷ വനിതാ നാടകവേദി' സംഘടിപ്പിച്ച അന്താരാഷ്ട്രാ ദേശീയ വനിതാ നാടകോത്സവത്തിൽ ഒന്നാം ദിവസം അവതരിപ്പിക്കപ്പെട്ട 'ദ കേജ്' എന്ന നാടകം.

ചണ്ഡിഗഢിൽ നിന്നുള്ള അഭിശക്തി തിയറ്റർ സംഘമാണ് നാടകം അവതരിപ്പിച്ചത്. രചന ദീപക് സൈനി, സംവിധാനം ദെബിന റക്ഷിത്. 

മനുഷ്യർ എത്ര നൂറ്റാണ്ട് സഞ്ചരിച്ചെന്ന് പറഞ്ഞാലും, എവിടെച്ചെന്നെത്തിയെന്ന് പറഞ്ഞാലും വിവേചനത്തിന്‍റെ, അതിക്രമങ്ങളുടെ, സാമൂഹികവും രാഷ്ട്രീയവും വൈകാരികവുമായ പീഡനങ്ങളുടെ ആ 'കൂട്ടി'ൽ നിന്നും ഈ സമൂഹത്തിന് രക്ഷയില്ലാത്തതെന്ത് എന്ന ചോദ്യമാണ് കേജ് ഉയർത്തുന്നത് - തെറ്റിദ്ധരിക്കരുത്, കൂട്ടിൽ നിന്നും പുറത്ത് കടക്കാത്തത് പീഡിപ്പിച്ച് രസിക്കാനിഷ്ടപ്പെടുന്ന കൂട്ടമാണ്.

'ആരുടെ ദൈവ'മെന്ന ചോദ്യമവശേഷിപ്പിച്ച് കൊണ്ട് ഇപ്പോഴും ക്ഷേത്രത്തിന് പുറത്ത് നിർത്തപ്പെടുന്ന മനുഷ്യരുള്ള നാടാണ് ഇന്ത്യ. പലതരം അനാചാരങ്ങളുണ്ട് ഇവിടെ. എണ്ണമില്ലാത്ത പീഡന വാർത്തകൾ കേട്ടാണ് ഓരോ ദിവസവും നാം ഉണരുന്നതും ഉറങ്ങുന്നതും. അതിനെയെല്ലാം അഡ്രസ് ചെയ്യുകയാണ് ദ കേജ്. 'താഴെ' എന്ന് മുദ്രകുത്തപ്പെട്ട ഒരു കൂട്ടത്തിന് നേരെ മറ്റൊരു കൂട്ടം നടത്തുന്ന അതിക്രമങ്ങളാണ് ആ രംഗത്ത്.

nireeksha national womens theatre festival 2023 the cage by debina rakshith rlp

വായിക്കാം: നിരീക്ഷയ്‍ക്കിനി നാടകകാലം, ദേശീയ വനിതാ നാടകോത്സവം ഡിസം. 27 മുതൽ തിരുവനന്തപുരത്ത് 

എന്നാൽ, പെൺ നാടകോത്സവമെന്ന് പറഞ്ഞ് കാണാനെത്തിയ കാണികളെയാകെ അമ്പരപ്പിച്ച് കൊണ്ട് അരങ്ങിലെത്തിയത് ഒരു കൂട്ടം പുരുഷന്മാരും. കൂട്ടത്തിലുണ്ടായിരുന്നത് ഒറ്റ സ്ത്രീ മാത്രം. ഒരു വനിതാ സംവിധായിക എന്തുകൊണ്ടാണ് പുരുഷന്മാരെ വച്ച് കൊണ്ട് ഇങ്ങനെ ഒരു നാടകം ചെയ്തത് എന്ന ചോദ്യം പ്രസക്തം. 

എല്ലാത്തിനുമുള്ള മറുപടി സംവിധായികയായ ദെബിനയുടെ കയ്യിൽ തന്നെയുണ്ട്. നാടകത്തെ കുറിച്ച് ദെബിന റക്ഷിത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത് ഇങ്ങനെ:

''സ്ത്രീകളുടെ പ്രശ്നങ്ങളെന്ന് പറ‍ഞ്ഞ് കൊണ്ടാണ് നാം ഓരോന്നിനെയും വിശകലനം ചെയ്യുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് നാം നിരന്തരം ചർച്ച ചെയ്യുമ്പോൾ അവിടെ പുരുഷൻ എവിടെ നിൽക്കുന്നു എന്നതിനെ കുറിച്ച് പരാമർശിക്കാതെ പോകുന്നു. പുരുഷാധിപത്യം പുരുഷനോട് ചെയ്യുന്നതിനെ കൂടിയാണ് ദ കേജ് എന്ന നാടകം അവതരിപ്പിക്കുന്നത്. പുരുഷൻ കരയാൻ പാടില്ലെന്നത് പുരുഷാധിപത്യത്തിന്‍റെ കാഴ്ച്ചപ്പാടാണ്. അതിനെ കൂടി നാം അഡ്രസ് ചെയ്യേണ്ടതുണ്ട്. ജാതി, മതം, പാർട്ടി എന്നിവയെല്ലാം മനുഷ്യരെ പലതരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പീഡിപ്പിക്കപ്പെടുന്ന ആണുമുണ്ട്. അത് കൂടി നാം കാണേണ്ടതുണ്ട്. അത് കൂടി പറയുകയാണ് ഈ നാടകം ചെയ്തുന്നത്, "

nireeksha national womens theatre festival 2023 the cage by debina rakshith rlp

"ദ കേജിന്‍റെ ആറാമത്തെ വേദിയാണ് ഇത്. അസ്സം, രാജസ്ഥാൻ, ചണ്ഡിഗഢ് തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് നാടകം കേരളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ വിവിധ തരത്തിലാണ് മനുഷ്യർ നാടകത്തോട് പ്രതികരിക്കുന്നത്. കൂടുതൽ അനുഭവിച്ച മനുഷ്യരുടെ മുന്നിൽ നാടകം അവതരിപ്പിക്കപ്പെടുമ്പോൾ അവർ കൂടുതൽ വൈകാരികമായി പ്രതികരിക്കുന്നു. ഭാഷയുടെ തടസ്സങ്ങളെല്ലാം നിലനിൽക്കെ തന്നെ മലയാളികളും നാടകം കാണുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.'' ദെബിന റക്ഷിത് കൂട്ടിച്ചേര്‍ത്തു. 

ആദ്യാവസാനം നാടകം വീക്ഷിച്ച വിസ്‍ലിംഗ്‍വുഡ്സ് ഇന്‍റർനാഷണൽ ഫിലിം സ്കൂളിലെ ആക്ടിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ മാളവിക തമ്പി നാടകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:

"ശരീരത്തെ ഈ നാടകത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതിനായി അവർ ഒരുപാട് പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. നാടകത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. വിവിധ നാടൻ പാട്ടുകളെയും ഉപകരണങ്ങളെയും ഉപയോഗപ്പെടുത്തുന്നതാണ് നാടക സംഗീതം. അതിനോടൊത്ത് ശരീരത്തിന്‍റെ സാധ്യതകളെയും  പ്രയോജനപ്പെടുത്തിയിട്ടുണ്ട്."

"കലയുടെ സാമൂഹികമായ പ്രതിബദ്ധതയെ ഒട്ടും മാറ്റിനിർത്താതെ സാമൂഹികമായി നാം നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് തന്നെയാണ് ദ കേജും ചെയ്തിരിക്കുന്നത്. വനിതാ സംവിധായികയ്ക്കൊപ്പം പുരുഷന്മാരായ അഭിനേതാക്കൾ എന്നത് നാടകത്തിന് വേറൊരുതരം സാധ്യത നൽകുന്നുണ്ട്. '  മാളവിക തമ്പി പറയുന്നു. 

nireeksha national womens theatre festival 2023 the cage by debina rakshith rlp

വായിക്കാം: മീനില്ലാതെ ചോറിറങ്ങാത്ത നിങ്ങളാണോ ഞങ്ങൾക്ക് മീൻമണമെന്ന് അകറ്റുന്നത്?

Follow Us:
Download App:
  • android
  • ios