Asianet News MalayalamAsianet News Malayalam

കലാമണ്ഡലം ഗോപി: അരങ്ങിലും പുറത്തുമായി ഒരു മഹാനടന്റെ ആത്മാന്വേഷണങ്ങള്‍

ആരാണ് ആ ഗോപി? ഇന്നലെയും ഇന്നുമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന കലാമണ്ഡലം ഗോപിയാശാന്റെ അരങ്ങും ജീവിതവും.
 

Profile kalamandalam Gopi a Kathakali maestro by MG Aneesh
Author
First Published Mar 18, 2024, 6:26 PM IST

ജീവിതം കൊണ്ട് ചുറ്റുമുള്ള ലോകത്തെ മാറ്റിപ്പണിതവരാണ് ഇതിഹാസങ്ങള്‍. അത്തരം ജീവിതങ്ങളുടെ ആഴത്തിലുള്ള ആവിഷ്‌കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന ലെജന്‍ഡ്‌സ് എന്ന പരിപാടി. കലാമണ്ഡലം ഗോപിയുടെ അരങ്ങും ജീവിതവും അലച്ചിലുകളും ആഴത്തില്‍ ആവിഷ്‌കരിക്കുന്ന ലെജന്‍ഡ്‌സ്  പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് ഇവിടെ വായിക്കാം. രണ്ട് വീഡിയോകളിലായി ആ ജീവിതം ആഴത്തിലറിയാം. എം ജി അനീഷ് എഴുതുന്നു

 

Profile kalamandalam Gopi a Kathakali maestro by MG Aneesh Profile kalamandalam Gopi a Kathakali maestro by MG Aneesh

 

മലയാളത്തിന്റെ നളന്‍. അരങ്ങില്‍ ആട്ടം കൊണ്ടാഭിചാരമാക്കാന്‍ കെല്‍പ്പുള്ള മഹാനടന്‍. നാട്യകേരളത്തിന്റെ തലപ്പൊക്കം ആകാശം മുട്ടിച്ച പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, അരങ്ങിലും ജീവിതത്തിലും മലയാളിക്കൊരു നളന്‍ തന്നെയായിരുന്നു. വിജയവും തോല്‍വിയും ലഹരിയും വിരഹവും പ്രണയവും പലായനവും കൊണ്ട് ജീവിതത്തിന്റെ മൂശയില്‍ തിളച്ചു മറിഞ്ഞ നളജീവിതത്തെ ഗോപിയാശാന്‍ കണ്ടത് താന്‍കൂടിയുള്‍പ്പെട്ട നരജീവിതമായിട്ടാണ്. കലിയും കാര്‍ക്കോടകനും ദംശിച്ച പുരാണത്തിലെ നളന്‍ ഗോപിയാശാനില്‍ പുനര്‍ജ്ജനിക്കുമ്പോള്‍ നടന്‍ വേഷത്തിന് പകുത്തുനല്‍കുന്നത് താന്‍ പിന്നിട്ട ആത്മദു:ഖങ്ങളെക്കൂടിയാണ്. ഗോപിയാശാന് നളനൊരു കഥാപാത്രമല്ല, വൃദ്ധിക്ഷയങ്ങളുടെ സ്വന്തം ജീവിതാവസ്ഥ കൂടിയാണ്. അങ്ങനെ ഗോപിയാശാന്റെ നളന്‍ ആത്മസമര്‍പ്പണമായി മാറുന്നു. 


ദാരിദ്ര്യം മുടിവച്ചാടിയ കുടുബം
അച്ഛന്‍ വടക്കത്ത് ഗോപാലന്‍ നായര്‍, അമ്മ ഉണ്ണ്യാദി നങ്ങമ്മ. കുടുംബത്തിലെ പുരുഷന്‍മാരെ മണാളന്‍മാരെന്നും സ്ത്രീകളെ നങ്ങമ്മയെന്നും പേര് വിളിച്ചു. ഗോപിയാശാന്റെ ഭാഷയില്‍, ദാരിദ്ര്യം മുടിവച്ചാടിയ കുടുബം. എട്ടരപ്പതിറ്റാണ്ട് പുറകില്‍ 1937 ഇടവമാസത്തിലെ അത്തം നാളില്‍ മണാളത്ത് വീട്ടില്‍  ഗോവിന്ദന്‍ ജനിച്ചു. കൂറ്റനാടിനടുത്ത് കോതച്ചിറയെന്ന ഈ ചെറിയ ഗ്രാമത്തിന്റെ തലയെടുപ്പ് ചിറക്കല്‍ത്തേവരും പിന്നെ കോതറ മനയുമായിരുന്നു. മനക്കലെ പണികളും തുച്ഛലാഭവുമാണ് അന്ന് കുടുംബത്തെ പോറ്റിയത്.

ആദ്യം ചുവടുവച്ചത് ആട്ടത്തിനല്ല
നാട്ടാചാരമനുസരിച്ച് മൂന്നാംവയസ്സില്‍ എഴുത്തിനിരുത്തി. നാലാംവയസ്സില്‍ കോതച്ചിറ വടക്കേസ്‌കൂളിലേക്ക്. അവിടത്തെ പഠിപ്പ് അഞ്ചാംക്ലാസ്സോടെ കഴിയും. പിന്നെ പഠിപ്പിന് നിവൃത്തിയുമില്ല. പിന്നെന്ത് ഗതിയെന്ന ചിന്ത നിലനിക്കുമ്പോഴാണ് കോതറ മനക്കലെ അഞ്ചാംതമ്പുരാന്‍ ഒരു തുള്ളല്‍ക്കളരി തുടങ്ങിയത്. പേരുകേട്ട തുള്ളക്കാരന്‍ പുഷ്പകത്തെ പമേശ്വരന്‍ നമ്പീശന്‍ ആശാനായി. എട്ട് വയസ്സ്. ജീവിതം വഴിമുട്ടി നിന്ന അക്കാലത്ത് ഗോവിന്ദനും ദക്ഷിണവച്ചു. അരങ്ങിലെ ഗോപി ആദ്യം ചുവടുവച്ചത് ആട്ടത്തിനല്ല, തുള്ളലിനാണ്. 

 

Profile kalamandalam Gopi a Kathakali maestro by MG Aneesh Profile kalamandalam Gopi a Kathakali maestro by MG Aneesh
 

വിട്ടുപോകാനുളള വിളി
ലവണാസുരവധത്തിലെ കുശനായിട്ടാണ് ഗോപിയാശാന്‍ ആദ്യം അരങ്ങിലെത്തിയത്, കലാമണ്ഡലത്തിലെത്തുന്നതിനും മുന്‍പ്. രണ്ട് വര്‍ഷത്തെ തുള്ളലും നാറേരി മനയിലെ ശിക്ഷണവും കഥകളിപഠനം കുറച്ചൊക്കെ ലഘുവാക്കിയെങ്കിലും പ്രകൃതം കൊണ്ട് മണാളത്തെ  ഗോവിന്ദനില്‍ എന്നും ഒരു നളന്‍ പതിയിരുന്നു. വിഷാദത്തിന്റെ ഒരു പാട മൂടിനിന്ന മനസ്സിലെന്നും വിട്ടുപോകാനുളള ഒരു വിളിയും മുഴങ്ങിനിന്നു. ആ പുറപ്പാടിന്റെ കഥ നാറേരി മനയില്‍ നിന്നാരംഭിച്ചുവെങ്കിലും കലാമണ്ഡലത്തിലെത്തുമ്പോള്‍ അതൊരു പടി കൂടിക്കടന്നു. പട്ടാളത്തില്‍ചേരാനെന്ന് ചിന്തിച്ച് മനക്കല്‍ നിന്നും പുറപ്പെട്ട ഗോവിന്ദനില്‍ നിന്നും ജീവിതം തന്നെ വേണ്ടെന്ന് വെക്കാന്‍ പുറപ്പെട്ട പുതിയ ഗോവിന്ദനിലേക്ക്. 

മലയാളത്തിന്റെ പച്ച
അത്രവേഗത്തില്‍ പറഞ്ഞുതീരില്ല, കലാമണ്ഡലത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന ഗോപിയാശാന്റെ നാല് പതിറ്റാണ്ടിന്റെ കലാജീവിതം. കുട്ടിത്തരവും മൈനര്‍സെറ്റും കടന്നൊരു കളിയച്ഛന്‍ പിറക്കാനിരിക്കുകയായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കും വാഴേങ്കട കുഞ്ചുനായര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്കും ശേഷം കഥകളിക്കാരാരെന്ന സഹൃദയരുടെ ആധിക്ക് അറുപതുകളിലുദിച്ച ഉത്തരമായി ഗോപിയാശാന്റെ കളി പൊലിച്ചു.  മുദ്രയും ഭാവവും നിലകളും താളവും സൂക്ഷ്മാഭിനയവും കൊണ്ട് ആട്ടം അഴകായി. ഒരോ അരങ്ങും നിലക്കാത്ത അന്വേഷണവും പ്രയാണവുമായി. ഗോപിയാശാന്‍ മലയാളത്തിന്റെ പച്ചയായി. 

രസാനുഭൂതിയുടെ ഉറവകള്‍
വേഷമിട്ട അരങ്ങിലെ ഗോപിയാശാന് ഒരു പുരുഷശില്‍പ്പത്തിന്റെ വിഗ്രഹഭംഗിയുണ്ടെന്ന് പറഞ്ഞത് കലാധരനാണ്. ആഹാര്യം വിട്ട് ആംഗികാഭിനയത്തിലേക്ക് വന്നാലും നിലയും കലാശങ്ങളും ചുഴിപ്പും ഉലച്ചലുമെല്ലാം കോട്ടയം കഥകളുടെ ചൊല്ലിയാട്ടത്തില്‍ കോട്ടം തീര്‍ത്ത് പോന്ന അഭ്യാസമികവിലാണ് നളനെപ്പോലൊരു നായകനായി അരങ്ങിലൊരു ഘടനസങ്കേതം വാര്‍ത്തെടുക്കാന്‍ ഗോപിയാശാനായത്. ശരീരചലനം, വെടിപ്പുള്ള മുദ്രകള്‍, മെലിഞ്ഞ മെയ്യിന് മാത്രമാകുന്ന രോമാഞ്ചം. ലയനിബദ്ധമായ പാത്രാവതരണത്തിനുള്ള ജന്മവാസന ഗോപിയാശാനിലെ നര്‍ത്തകനെയും നടനെയും കൂട്ടിയിണക്കും. രസാനുഭൂതിയുടെ പുതിയ ഉറവകള്‍ തീര്‍ത്ത് മുന്നേറുന്ന എണ്‍പതുകളുടെ പകുതിയിലും നാട്യത്തിന്റെ മലമുടിയിലെത്തിയ ഒരു നടന്‍ വേഷങ്ങളുടെ പൂര്‍ണ്ണതക്കായി പ്രയാണം തുടരുകയാണ്. കണ്ണടച്ചുകൊട്ടിയാല്‍ മതി കഥകളിക്ക്. കണ്ണുതുറന്ന് കൊട്ടാന്‍ തോന്നിപ്പിക്കുന്നത് സൗഗന്ധികത്തിലെ ഭീമനായി ഗോപിയെത്തുമ്പോഴാണെന്ന് പറഞ്ഞത് കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളാണ്. കലാമണ്ഡലം ഗോപി അരങ്ങിലൂടെ കാണികളെ വിളിച്ചുണര്‍ത്തുകയായിരുന്നു.

 

Profile kalamandalam Gopi a Kathakali maestro by MG Aneesh Profile kalamandalam Gopi a Kathakali maestro by MG Aneesh

 

ജീവിതത്തിന്റെ മറുകര
പ്രതിഭയുടെയും വൈകാരികതയുടെയും ഒരു ധൂര്‍ത്ത് കൂടിയാണ് കലാമണ്ഡലം ഗോപിയാശാന്‍. അരങ്ങിലെ ഗോപിയാശാനില്‍ അതുപക്ഷെ അനുഗ്രഹവര്‍ഷമായി ചൊരിയും, ജീവിതത്തില്‍ പക്ഷെ പ്രതിഭകള്‍ക്ക് വിധിക്കപ്പെട്ട ഒരസ്തിത്വവ്യഥയായി അത് തുടര്‍ന്നു, പുഷ്‌പ്പോത്തെ തുള്ളല്‍ക്കാലം കഴിയുമ്പോഴുള്ള ശൂന്യതയില്‍ നിന്നും പുകവലിയും നാറേരി മനയിലെ കഥകളി പഠനം നിലച്ച് നാട്ടിലെ ശൂന്യതയിലേക്കെത്തുമ്പോള്‍ മദ്യപാനവും തുടങ്ങി. അതത്രവേഗം വിട്ടുപോയതുമില്ല. രണ്ടുകളികളും അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള പ്രയാണവും ആത്മസംഘര്‍ഷങ്ങളും. അരങ്ങിലെ നളനും അര്‍ജ്ജുനനും ഭീമനും കര്‍ണ്ണനുമായി പൂത്തുലയുമ്പോഴും ലഹരിയും വിഷാദവും ജീവിതത്തിന്റെ മറുകരയിലൂറി നിന്നു. അടങ്ങാത്തൊരു മരണാഭിനിവേശത്തിലേക്ക് അത് കൂട്ടിക്കൊണ്ടുപോയി. കലി കൊണ്ട നളന്‍ ജീവിതത്തെയും പിന്തുടര്‍ന്നു. 

കാണിയുടെ ഗോപിയാശാന്‍

അരങ്ങും ജീവിതവും ഗുരുപരമ്പരകളും പാഠമാക്കി ഗോപിയാശാന്‍ തുടര്‍ന്നു. മറ്റ് നടന്‍മാര്‍ അരങ്ങത്ത് നിന്നും അഭിനയിക്കുമ്പോള്‍ ഗോപിയാശാന്‍ കാണിയെ അനുഭവിപ്പിച്ചു. കോട്ടം തീര്‍ന്ന കോട്ടയം കഥകളും ജനകീയകഥകളും ഒരുപോലെ പൊലിപ്പിച്ചു. വേഷങ്ങളിലൂടെ ഒരു മഹാനടന്‍ നടത്തിയ ഈ ആത്മാന്വേഷണത്തിലൂടെ കഥകളിയുടെ നാട്യധര്‍മ്മി ലോകധര്‍മ്മി വിഭജനങ്ങള്‍ അലിഞ്ഞില്ലാതായി. കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രരും കാലകേയവധത്തിലെ അര്‍ജ്ജുനനും സൗഗന്ധികത്തിലെ ഭീമനും നളനെപ്പോലെ ഗോപിയാശാന്റെ കൈകളില്‍ ഭദ്രം. അനാവശ്യമായൊരു ഭാവമോ ചലനമോ ഈ നടനില്‍ നിന്നും അന്നേരം വാര്‍ന്നുവീഴുന്നുമില്ല. നര്‍ത്തകനും നടനും പൊലിപൊലിക്കുന്ന ഗോപിയാശാനെപ്പോലുള്ള പ്രതിഭകളിലാണ് പെര്‍ഫോമിംഗ് ആര്‍ട്ടിന്റെ പെരുമാള്‍പ്പട്ടം കവര്‍ന്ന കഥകളിയുടെ ഇനിയുള്ള ഭാവി. 

കൂടെനടത്തങ്ങള്‍, കൂട്ടുവേഷങ്ങള്‍

കുട്ടനാട്ടിലെ മാത്തൂര്‍ പണിക്കന്‍മാര്‍ കലയുടെ തത്വചിന്തക്ക് ഊന്നല്‍ കൊടുത്തപ്പോള്‍ ആട്ടത്തിന്റെ തെക്കന്‍ചിട്ടയുണ്ടായി. പാലക്കാടന്‍മാര്‍ മിഴിവിന്റെ സൂക്ഷ്മതക്ക് മനസ്സ് കൊടുത്തപ്പോള്‍ വടക്കന്‍ചിട്ടയില്‍ ആട്ടം അഴകായി. പട്ടിക്കാന്തൊടി രാവുണ്ണിമേനോന്റെ ഉടലില്‍ കുഞ്ചുകുറുപ്പിന്റെ ശിരസ്സ് ചേര്‍ന്ന ഒരു മാതൃകാനടനെ വള്ളത്തോള്‍ സ്വപ്നം കണ്ടിരുന്നുവെന്ന് ഒരു കഥയുണ്ട്.. ആംഗികാഭിനയവും സാത്വികഭാവങ്ങളും ഒന്നിച്ച് നിലനിര്‍ത്താനെളുപ്പവുമല്ല. കൃഷ്ണന്‍നായരാശാന്‍ ജനകീയമാക്കാന്‍ തുടങ്ങിയ കഥകളിയില്‍ നാടകീയതയുടെയും മനോധര്‍മ്മത്തിന്റെയും പുതിയൊരു ഭാഷ ഗോപിയാശാന്‍ സൃഷ്ടിച്ചെടുത്തു. എങ്കില്‍ ഗോപിയുടെ നളന് ദമന്തിയാര്? കര്‍ണ്ണന് കുന്തിയാര്? ആ ഉത്തരം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കളിയരങ്ങുകള്‍ തന്നെ കണ്ടെത്തി. കോട്ടക്കല്‍ ശിവരാമന്‍. കൂട്ടുവേഷങ്ങള്‍ അരങ്ങിനെ സമ്പന്നമാക്കുന്ന കാഴ്ച്ചക്ക് സഹൃദയകേരളം പലവട്ടം സാക്ഷിയായി. 

 

Profile kalamandalam Gopi a Kathakali maestro by MG Aneesh Profile kalamandalam Gopi a Kathakali maestro by MG Aneesh

കോട്ടക്കല്‍ ശിവരാമനൊപ്പം അരങ്ങില്‍
 

തുടരുന്ന അലച്ചിലുകള്‍
എണ്‍പതിന്റെ പകുതിയിലും ആംഗികാഹാര്യശോഭയോടെ ഹംസത്തെ ദമയന്തിക്കരികിലേക്കയച്ച് പ്രണയപരവശനായ നളന്‍ ഒരിക്കല്‍ക്കൂടി അണിയറയിലേക്ക് പിന്‍വാങ്ങുകയാണ്. വിരഹത്തിന്റെയും സഹനത്തിന്റെയും കലിയുടെയും കാര്‍ക്കോടകന്റെയും ദംശനങ്ങള്‍ക്കായി ജീവിതം ബാക്കിവച്ച് പ്രണയ-ദുഖപാരവശ്യങ്ങളോടെ ആ നളന്‍ വേഷമഴിച്ച് മനുഷ്യനായി മാറുകയാണ്. ദ്വാപരയുഗത്തിലെ ഏതോ പുരാണകഥപാത്രത്തിന്റെ വ്യഥകളുമായി അലയുന്ന മനുഷ്യവംശത്തിന്റെ പ്രതീകംപോലെ ഒരു നടന്‍ തുടരുകയാണ്.  

 

കലാമണ്ഡലം ഗോപിയുടെ അരങ്ങും ജീവിതവും. ഇവിടെ കാണാം


 

 

 

Follow Us:
Download App:
  • android
  • ios