Asianet News MalayalamAsianet News Malayalam

കുട്ടികളെ 'ആപ്പ്' എത്തി! ഹാജർ, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്; ഇനിയെല്ലാം രക്ഷിതാക്കളുടെ വിരലിലെത്തും

അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും സമ്പൂര്‍ണ പ്ലസില്‍ ഉണ്ടാകും

Kerala introduce Kite Sampoorna Plus APP, parents can easy to monitor children attendance and academic progress asd
Author
First Published Jun 16, 2023, 6:54 PM IST

തിരുവനന്തപുരം: കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ കൈറ്റിന്റെ 'സമ്പൂര്‍ണ പ്ലസ് ' ആപ്പ് അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയ ' സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്' ആണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാകും സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പെന്ന് മന്ത്രി പറഞ്ഞു.

ലാഭം കോച്ചിംഗ് സെന്‍ററുകൾക്ക് മാത്രം, ഇനിയും ഇത്തരം പരീക്ഷ വേണോ? കാര്യ കാരണ സഹിതം വിവരിച്ച് മുരളി തുമ്മാരുകുടി

കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ മൊബൈല്‍ ആപ് കൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും സമ്പൂര്‍ണ പ്ലസില്‍ ഉണ്ടാകും. നിലവില്‍ കുട്ടികളുടെ ഫോട്ടോ സ്കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്‍ലോഡ് ചെയ്യുക. എന്നാല്‍ അധ്യാപകന് സമ്പൂര്‍ണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ പോര്‍ട്ടലില്‍ അപ്‍ലോ‍ഡ് ചെയ്യാനാകും. 'സമഗ്ര' വിഭവ പോര്‍ട്ടലിലെ പഠനസഹായികള്‍ അനായാസമായി സമ്പൂര്‍ണ്ണ പ്ലസ് ആപ്പ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും.മൊബൈല്‍ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ ലഭ്യമാകും.സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി പറഞ്ഞു.

പ്ലേസ്റ്റോറില്‍ 'സമ്പൂര്‍ണ പ്ലസ് ' എന്നു നല്‍കി ഈ മൊബൈല്‍ ആപ് സൗജന്യമായി ഡൗണ്‍ലോഡ‍് ചെയ്യാവുന്നതാണ്. സമ്പൂര്‍ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്കൂളുകളില്‍ രക്ഷിതാവിന് സമ്പൂര്‍ണയില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും. സമ്പൂര്‍ണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്കൂളുകളിലായിരിക്കും. ജില്ലാ-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും ഇക്കാര്യത്തില്‍ എം.എല്‍.എമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും മുന്‍കൈ എടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങള്‍ കൈറ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ഷാനവാസ് എസ്, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

Follow Us:
Download App:
  • android
  • ios