ഒരാളോട് ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അത്രേയുള്ളൂവെന്നും സൂര്യ മേനോന്‍.
ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് മോഡലായ സൂര്യ മേനോൻ. ഷോയിൽ ആയിരുന്ന സമയത്ത് വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സഹ മത്സരാർത്ഥിയായിരുന്ന നടൻ മണിക്കുട്ടനോട് പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. ഷോയ്ക്ക് ശേഷം ഇരുവരും ഒരുവേദിയിൽ വരികയോ ഒന്നും ചെയ്തതുമില്ല. ഇപ്പോഴിതാ തനിക്ക് ഒരു നഷ്ടപ്രണയമെ ഉണ്ടായിട്ടുള്ളൂവെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നുമാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു സൂര്യയുടെ പ്രതികരണം.
"എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ ഒരു ചോദ്യവും ആവശ്യമില്ല. കിട്ടാതെ പോയ പ്രണയം ഒന്നെ ഉള്ളൂ. കല്യാണം നല്ലത് വരുന്നുണ്ടെങ്കിൽ നോക്കും. കല്യാണം നടന്നില്ലെങ്കിലും വിഷമമൊന്നും ഇല്ല. കല്യാണം എന്നത് യോഗമല്ല. തലവര എന്നൊന്നുണ്ട്. അതുണ്ടെങ്കിൽ നടക്കും ഇല്ലെങ്കിൽ ഇല്ല. ഞാൻ പ്രണയിച്ച ആളെ കാണാൻ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഞാനായിട്ട് ഒഴിഞ്ഞ് മാറിയതാണ്. ഞാനായിട്ട് ഒഴിഞ്ഞ് മാറി. നമ്മൾ(ബിഗ് ബോസ്) വെളിയിൽ വന്നപ്പോഴേക്കും തെറ്റിദ്ധാരണകൾ പരത്താൻ വേണ്ടി ഒത്തിരി ആളുകൾ ക്യൂ ആയിട്ട് നിൽക്കുന്നുണ്ടായിരുന്നു. ആ ഒരു ട്രാപ്പിൽ ആളും വീണു", എന്ന് സൂര്യ പറയുന്നു. ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.
"എന്നെ ഞരമ്പ് രോഗിയായി എല്ലാവരും ചിത്രീകരിച്ചു. പക്ഷേ ഞാനങ്ങനെ ഒരാളല്ല. ഒരാളോട് ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അത്രേയുള്ളൂ. അത് തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഞങ്ങളുടെ കോമ്പോ കുറച്ച് പേർക്കൊക്കെ ഇഷ്ടമായിരുന്നു. മിക്സഡ് റിവ്യൂസ് ആയിരുന്നു എനിക്ക്. ഞങ്ങളുടെ സീസൺ ലൈവ് ആയിരുന്നില്ല. അവിയൽ പരുവത്തിലാണ് ഔട്ട് വന്നത്. അതുകൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഞാൻ പുറകെ നടക്കുന്നൊരാളായി ചിത്രീകരിക്കപ്പെട്ടു. ഒരിടത്ത് അടച്ചിട്ട് കിടക്കുമ്പോൾ, ഒരാൾ കെയർ ചെയ്യുമ്പോൾ ഇഷ്ടം തോന്നും. കണ്ടവരെ തന്നെ കണ്ടോണ്ടിരിക്കുമ്പോൾ പ്രണയം തോന്നും", എന്നും സൂര്യ പറയുന്നു.
ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, "നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ലല്ലോ. ഇപ്പോഴത്തെ കാലഘട്ടമല്ലേ. പഴയപോലെ സത്യസന്ധതയൊന്നും ആളുകൾക്കില്ല. ഇമോഷണലി ഭയങ്കര വീക്ക് ആയിട്ടുള്ള ആളാണ് ഞാൻ. പെട്ടെന്ന് സങ്കടം വരും. അതൊക്കെ അംഗീകരിക്കുന്ന ഒരാളായിരിക്കണം. ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് 101 ശതമാനമാണ്. തിരിച്ചത് പോലെ കിട്ടിയില്ലെങ്കിൽ എനിക്ക് സങ്കടം വരും. അതുകൊണ്ടാ ഞാൻ കല്യാണം ഒന്നും കഴിക്കാത്തെ. ഇപ്പോൾ അവിഹിതത്തിന്റേയും സിറ്റുവേഷൻഷിപ്പിന്റേയും അങ്ങനെ കുറേ ഷിപ്പുകളുടെ കാലമാണല്ലോ. ഞാനൊക്കെ നയന്റീസിലുള്ളതാണ്. അതുകൊണ്ട് ഇതൊന്നും എൻജോയ് ചെയ്യാൻ തോന്നാറില്ല", എന്നായിരുന്നു സൂര്യ മറുപടി നൽകിയത്.