പിഴവുകൾ പറ്റി, പഴികൾ കേട്ടു, കളിയാക്കലുകൾ, ഇനി ഉയർത്തെഴുന്നേൽപ്പ്: 'വാലിബൻ' ടീസർ പ്രതികരണം

Synopsis
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ്.
മലയാള സിനിമയിൽ സമീപകാലത്ത് 'മലൈക്കോട്ടൈ വാലിബനോ'ളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോ തന്നെയാണ് അതിന് കാരണം. പ്രമേഷൻ മെറ്റീരിയലുകളിൽ നിന്നുതന്നെ വൻ പ്രതീക്ഷ നൽകിയ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷകളും കാത്തിരിപ്പുകളും വെറുതെ ആയില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മുൻപ് വന്ന വിഷ്വലുകളിൽ നിന്നും അധികമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് വൻ ട്രീറ്റ് ആണ് മോഹൻലാലിന്റെ ശബ്ദത്തിലൂടെ ലഭിച്ചത്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ്. രണ്ട് ദിവസം മുൻപ് ടീസർ വരുന്നെന്ന് അറിഞ്ഞതുമുതൽ പ്രേക്ഷകർ ആഘോഷത്തിൽ ആയിരുന്നു. ഒടുവിൽ ഇന്നലെ എത്തിയ ടീസർ ഇതുവരെ കണ്ടത് ആറ് മില്യണിലേറെ ആളുകളാണ്. അതും വെറും പതിനേഴ് മണിക്കൂറിൽ. വൻ പ്രതീക്ഷയാണ് ടീസർ സമ്മാനിച്ചതെങ്കിലും കൂടുതൽ വിഷ്വൽസ് ആഡ് ചെയ്യാത്തത് നിരാശ ഉണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാൽ സസ്പെൻസ് നിലനിർത്തുന്നതാണ് നല്ലതെന്ന് പറയുന്നവരും മറുവശത്തുണ്ട്.
"രണ്ട് പ്രതിഭകളുടെ കൂടിച്ചേരൽ..മികച്ച ഒരു സിനിമ തന്നെ ആവും മലൈക്കോട്ടൈ വാലിബൻ, ഒന്നടി തെറ്റിയപ്പോൾ ഇനി തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വിധി എഴുതിയവന്മാർ കണ്ണുകൾ കൂർപ്പിച്ച് തന്നെ വച്ചേക്കുക..ഇയാൾ ഇവിടെ തന്നെയുണ്ട്, മലയാള സിനിമയുടെ ഒരേ ഒരു രാജാവ് ഇന്നും ലാലേട്ടൻ തന്നെയാണ്, നിങ്ങളുടെ പതനം കണ്ട് കയ്യ് കൊട്ടി കളിയാക്കി ആഘോഷിച്ച കോമാളികൾക്ക് കാണിച്ചു കൊടുക്കണം നിങ്ങൾ ആരാണെന്നും എന്താണെന്നും, പിഴവുകൾ പറ്റി, പഴികൾ കേട്ടു, നീണ്ട കളിയാകലുകൾ. ഇനിയാണ് ഉയർത്തെഴുന്നേൽപ്പ്. സിംഹസനത്തിന് വേണ്ടത് രാജാവിനെ തന്നെയാണ്. അതുപോലെ ഞങ്ങൾക്കു വേണ്ടത് മലയാളത്തിന്റെ മോഹൻലാലിനെയും. വിശ്വാസം എൽജെപിയോടുള്ള വിശ്വാസം, മലയാള സിനിമയുടെ തമ്പുരാൻ", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.
എന്തായാലും മലൈക്കോട്ടൈ വാലിബൻ പൂർണമായും ഒരു ലിജോ ജോസ് സിനിമയാണെന്നും മോഹൻലാലിന്റെ വൻ തിരിച്ചുവരവ് ആകുമെന്നും തന്നെയാണ് ടീസർ നൽകുന്ന പ്രതീക്ഷ. മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.