ഒക്ടോബർ 31ന് ആണ് ബാഹുബലി ദി എപ്പിക് തിയറ്ററുകളിൽ എത്തുക.
ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ തരംഗം സമ്മാനിച്ച സിനിമയാണ് ബാഹുബലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ തിയറ്ററുകളിൽ എത്തി പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്ന് സമ്മാനിച്ച ചിത്രം തെന്നിന്ത്യൻ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. പിന്നാലെ വന്ന രണ്ടാം ഭാഗവും ഏവരും ഒന്നടങ്കം ഏറ്റെടുത്തു. റെക്കോർഡുകളിട്ട ആദ്യഭാഗം റിലീസ് ചെയ്ത് പത്ത് വർഷം ആകാൻ പോകുകയാണ്. ഇതോട് അനുബന്ധിച്ച് ബാഹുബലി ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളും റി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിലാണ് തിയറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം ആയിരുന്നു ഈ പ്രഖ്യാപനം വന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ എക്സ് പ്ലാറ്റ്ഫോം പോസ്റ്റും അതിന് ബാഹുബലി ടീം നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.
ബാഹുബലി ദി എപ്പിക്കിലെ റൺ ടൈമിനെ പറ്റിയാണ് പ്രേക്ഷകന്റെ പോസ്റ്റ്. അഞ്ച് മണിക്കൂർ 27 മിനിറ്റ് ആണ് റൺ ടൈം കാണിക്കുന്നത്. ആരാധകന്റെ പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ട് പേടിക്കണ്ട. 'നിങ്ങളുടെ ദിവസം മുഴുവൻ ഞങ്ങൾ എടുക്കില്ല. ഒരു ഐപിഎൽ മത്സരത്തിൻ്റെ അതേ സമയമായിരിക്കും ഇത്', എന്നാണ് ബാഹുബലി ടീം മറുപടി നൽകിയത്. അതേസമയം, ഒക്ടോബർ 31ന് ആണ് ബാഹുബലി ദി എപ്പിക് തിയറ്ററുകളിൽ എത്തുക.
2015ൽ ആയിരുന്നു ബാഹുബലി: ദി ബിഗിനിംഗ് തിയറ്ററുകളിൽ എത്തിയത്. പ്രഭാസ് എന്ന നടന്റെ കരിയർ ബ്രേക്ക് ചിത്രമായിരുന്നു ഇത്. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആയിരുന്നു കഥ. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. 2017ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും പ്രേക്ഷക ശ്രദ്ധയ്ക്കൊപ്പം ബോക്സ് ഓഫീസിലും തരംഗമായി മാറിയിരുന്നു.