കുബേര 80 കോടി ക്ലബില്‍.
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര"ക്ക് ബ്ലോക്ക്ബസ്റ്റർ ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് ചെയ്‍ത് ആദ്യ 3 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 80 കോടി രൂപയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.
തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി "കുബേര" മാറിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തേക്കാൾ കൂടുതൽ ടിക്കറ്റുകളാണ് ചിത്രത്തിന് രണ്ടാം ദിനം ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ഒരു യാചകനായാണ് ധനുഷ് അഭിനയിച്ചിരിക്കുന്നത്.
ദേവ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്‍ചവച്ച ധനുഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ധനുഷ് നൽകിയിരിക്കുന്നത് . ദീപക് ആയി നാഗാർജുന, സമീറ ആയി രശ്‌മിക, നീരജ് എന്ന വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.
ഛായാഗ്രഹണം - നികേത് ബൊമ്മി, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ - തൊട്ട ധരണി.