പവൻ കല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം

Synopsis
'ഹരി ഹര വീര മല്ലു' സിനിമയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്.
പവൻ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രമായ 'ഹരി ഹര വീര മല്ലു'. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗര്‍ലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തമുണ്ടായിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്.
സെറ്റില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തില്‍ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാല്‍ വലിയ നാശനഷ്‍ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡുണ്ടിഗല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിര്‍മിക്കേണ്ടിവരുന്നതിനാല്‍ ചിത്രീകരണം വൈകുമെന്നുമാണ് റിപ്പോര്‍ട്ട്.
എ ദയകര്‍ റാവു, എ എം രത്‍നം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എം എം കീരവാണിയാണ് സംഗീതം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.
'ഭീംല നായക്' എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.
Read More: 'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ