userpic
user icon
0 Min read

'അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ': 'തുടരും' അനുഭവം വിവരിച്ച് ഇര്‍ഷാദ് അലി

irshad ali memory with mohanlal viral social media post
irshad ali memory with mohanlal

Synopsis

തുടരും സിനിമയിൽ അഭിനയിച്ച ഇർഷാദ് മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും തുടരും സെറ്റിലെ അനുഭവങ്ങളെ കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച ഓർമ്മകൾ കുറിപ്പിൽ വിവരിക്കുന്നു.

കൊച്ചി: മോഹന്‍ലാല്‍ നായകനായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ഏപ്രില്‍ 25ന് തീയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഈ വേളയില്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ഇര്‍ഷാദ് എഴുതിയ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മോഹന്‍ലാലിനൊപ്പം ഏറെ ചിത്രങ്ങള്‍ അഭിനയിച്ച ഇര്‍ഷാദ് ആദ്യം മോഹന്‍ലാലിനെ കണ്ടത് മുതല്‍ തുടരും സെറ്റിലെ അനുഭവം വരെ തന്‍റെ കുറിപ്പില്‍ വിവരിക്കുന്നുണ്ട്. 

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

1987 മെയ്‌ മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകൽ.സൂര്യൻ ഉച്ചിയിൽ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നിൽക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂർ രാംദാസ് തിയേറ്ററിന്റെ മെയിൻ ഗേറ്റിൽ വിയർത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!

'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹൻലാൽ സിനിമ കാണാൻ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയിൽ വീണപ്പോൾ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാൻ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനിൽ എത്തിയിരുന്നു.ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോൾ പെട്ടെന്ന് മോഹൻലാൽ മോഹൻലാൽ എന്നൊരു ആരവം.തീയേറ്ററിന്റെ എതിർവശത്തെ തറവാട്ടുവീട്ടിൽ തൂവാനത്തുമ്പികൾ ഷൂട്ട് നടക്കുന്നെന്നോ മോഹൻലാൽ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു.ആൾക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.

ആ നട്ടുച്ച വെയിലിലാണ്,ഒരു ലോങ്ങ്‌ ഷോട്ടിൽ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്.
പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റിൽ വെച്ച്..  അപ്പോഴേക്കും  സിനിമയാണെന്റെ അന്നം എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയിൽ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും 
സ്നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹൻലാൽ എന്നെയും കണ്ടു.അതു കഴിഞ്ഞും പ്രജയിൽ സാക്കിർ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവിൽ ഒറ്റിക്കൊടുത്തിട്ടുണ്ട്.

പരദേശിയിൽ സ്നേഹ നിധിയായ അച്ഛനെ അതിർത്തി കടത്തേണ്ടി വന്നിട്ടുണ്ട്.
ദൃശ്യത്തിൽ ജോർജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്.പിന്നീട് ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറിൽ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാൻ പറ്റി.
ഒടുവിലിപ്പോൾ തരുൺ മൂർത്തിയുടെ ഷാജിയായ് 
ഷണ്മുഖനൊപ്പം വളയം പിടിക്കാൻ!

കഴിഞ്ഞ വേനലിൽ,തുടരും സിനിമയുടെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയ കാലുമായ്  
"വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും" എന്ന എന്റെ പുസ്തകം കൊടുക്കാൻ വേച്ചു വേച്ച് മുറിയിൽ ചെന്ന എന്നെ നോക്കിക്കൊണ്ട്  സ്നേഹം നിറഞ്ഞ ശാസനയോടെ "എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്" പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേർന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാൾ മധുരം വായിൽ വെച്ചു തന്നപ്പോഴും ഞാനോർക്കുകയായിരുന്നു.

ഒക്കെയും ഒരേ വേനലിൽ.
ഒരേ പൊള്ളുന്ന ചൂടിൽ.

പക്ഷേ ഒരു മാറ്റമുണ്ട്.അന്ന് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹൻലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കൻ,പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്.
എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ!!! 🥰
പ്രിയമുള്ളവരേ...

സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാൻ തുടങ്ങിയിട്ട് നാളുകളായി...
നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത്
നിങ്ങളുടെ ചേർത്തുപിടിക്കൽ "തുടർ"ന്നാൽ  ഞങ്ങളിവിടെ "തുടരു"ക തന്നെ ചെയ്യും 

അക്ഷയ് കുമാർ, അജിത്ത് കുമാർ, സണ്ണി ഡിയോൾ എല്ലാവരും പിന്നിൽ! ബുക്ക് മൈ ഷോയിൽ വീണ്ടും മോഹൻലാൽ ആധിപത്യം

'ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല'? കാരണം പറഞ്ഞ് തരുണ്‍ മൂര്‍ത്തി

Latest Videos