ബോളിവുഡ് ഇതിഹാസ നടി മീനാകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക്കിൽ കിയാര അദ്വാനി അഭിനയിക്കുമെന്ന് റിപ്പോർട്ട്. സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം.

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ നടി മീനാകുമാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബയോപിക്കിൽ പ്രശസ്ത നടി കിയാര അദ്വാനി മുഖ്യവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. 'ട്രാജഡി ക്വീൻ' എന്നറിയപ്പെടുന്ന മീനാകുമാരിയുടെ ജീവിതവും അതിലെ വൈകാരികതയും വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കിയാരയെ അണിയറക്കാര്‍ സമീപിച്ചതായി പിങ്ക്‌വില്ല എക്സ്ക്ലൂസീവ് റിപ്പോർട്ട് പറയുന്നു.

തന്റെ വൈവിധ്യമാർന്ന അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കിയാര അദ്വാനി ഈ പ്രോജക്റ്റിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിദ്ധാർത്ഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ഈ ബയോപിക്കിന്റെ നിർമ്മാണം സിദ്ധാർത്ഥ് മൽഹോത്രയും സരെഗാമയും അമ്രോഹി ഫാമിലിയും ചേർന്നാണ് നടത്തുന്നത് എന്നാണ് വിവരം.

മീനാകുമാരിയുടെ ജീവിതം, ബോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥകളിൽ ഒന്നാണ്. 'പാകീസ', 'സാഹിബ് ബീവി ഔർ ഗുലാം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മീനാകുമാരിയുടെ വ്യക്തിജീവിതത്തിലേയും കരിയറിലെയും ഉയർച്ച താഴ്ചകൾ ഈ ചിത്രം അവതരിപ്പിക്കും എന്നാണ് വിവരം.

മുൻപ്, ഈ പ്രോജക്റ്റിനായി ഡിസൈനർ മനീഷ് മൽഹോത്ര കൃതി സനോനെ സമീപിച്ചിരുന്നെങ്കിലും ഇപ്പോള്‍ കിയാരയിലാണ് ഈ വേഷം എത്തിയിരിക്കുന്നത്. കിയാര ഇപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഡോണ്‍ 3 പോലുള്ള ചിത്രങ്ങള്‍ താരം ഉപേക്ഷിച്ചു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കിയാര അഭിനയിക്കുന്ന ചിത്രം മീന കുമാരിയുടെ ബയോപിക് ആയിരിക്കും.

വി ആര്‍ ഫാമിലി, മഹാരാജ് പോലുള്ള ചിത്രങ്ങള്‍ ചെയ്ത പ്രമുഖ സംവിധായകനാണ് സിദ്ധാർത്ഥ് പി മൽഹോത്ര. അതേ സമയം മീനകുമാരിയുടെ ഭര്‍ത്താവ് കമൽ അമ്രോഹിയുടെ കുടുംബം ഈ ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളികളാണ്.