Asianet News MalayalamAsianet News Malayalam

പകരക്കാരിയായി എത്തിയ സഹോദരിയെ അവര്‍ തിരിച്ചറിയുമോ?, 'സ്‍കൂള്‍' റിവ്യു

കാണാതായ വിദ്യാര്‍ഥിനിക്ക് പകരം ഇരട്ട സഹോദരി സ്‍കൂളിലെത്തുന്നതാണ് പരമ്പരയുടെ പ്രമേയം.

 

Korean Drama School review
Author
First Published Dec 23, 2022, 8:55 AM IST

ജോസൺ രാജവംശം കഴിഞ്ഞാൽ കെ ഡ്രാമ പരമ്പരയുടെ പ്രിയ ചേരുവയാണ് സ്‍കൂൾ. ആദ്യപ്രണയം, മത്സരപ്പരീക്ഷയുടെ സമ്മർദം, സഹപാഠികൾക്കിടയിലെ തർക്കം, റാഗിങ്, അധ്യാപകരുടെ ക്രൂരത, പഠനസിലബസിലെ അധികഭാരം അങ്ങനെ അങ്ങനെ സ്‍കൂൾ എന്ന പശ്ചാത്തലം നൽകുന്ന സാധ്യതകൾ ചെറുതല്ല.  അതുകൊണ്ടാണ് സ്‍കൂൾ പരമ്പരാശ്രേണി തന്നെ ഉണ്ടായത്. അതിൽ ഒന്നാണ് 'സ്‍കൂൾ 2015'.

ലീ യുൻ ബി അനാഥാലയത്തിൽ വളരുന്നു. അവിടെയുള്ള കുഞ്ഞ് കുട്ടികൾക്കെല്ലാം അവളെ വളരെ ഇഷ്‍ടമാണ്. ലീ യുൻ ബിയെ പക്ഷേ സ്‍കൂളിലെ ഒരു മൂവർസംഘം വല്ലാതെ റാഗ് ചെയ്യുന്നുണ്ട്. കാശില്ലാത്തതും അനാഥയാണ് എന്നതും പ്രതികൂല സാഹചര്യത്തിലും നന്നായി പഠിക്കും എന്നതുമെല്ലാം കാരണമാണ്. കാങ് സോ യങ് എന്ന വിദ്യാർത്ഥിനിയാണ് അവളെ ഉപദ്രവിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. യങ് നന്നായി പഠിക്കും,മാത്രവുമല്ല വലിയ ഉദ്യോഗസ്ഥന്റെ മകളുമാണ്. അതുകൊണ്ട് തന്നെ യുൻ ബീയെ സഹായിക്കാൻ അധ്യാപകരും തയ്യാറാകുന്നില്ല.

സോൾ നഗരത്തിലെ പ്രശസ്‍തമായ സേകാങ് സ്‍കൂളിലാണ് കോ യൂൻ ബ്യോൾ പഠിക്കുന്നത്. നന്നായി പഠിക്കും. ആരേയും കൂസലില്ല. എന്തിനും പോന്നവളുമാണ് ബ്യോൾ. സഹപാഠിയായ ഹാൻ യാൻ അവളുടെ അടുത്ത  സുഹൃത്താണ്. അവന് അവളെ ഇഷ്‍ടവുമാണ്. സേകാങ്ങിൽ നിന്ന് വിനോദയാത്ര പോയതിനിടെ യൂൻ ബ്യോൾ അപ്രത്യക്ഷയാകുന്നു. ഇതിനിടെ ആത്മഹത്യക്ക് ശ്രമിക്കുന്ന യുൻ ബീ രക്ഷപ്പെടുന്നു. പക്ഷേ അവൾക്ക് ഓർമ നഷ്‍ടപ്പെടുന്നു. യുൻ ബിയെ യൂൻ ബ്യോളായി തെറ്റിദ്ധരിച്ച് അമ്മ വീട്ടിലേക്ക് കൊണ്ടുപോകുന്നു. കാരണം യൂൻ ബ്യോളും യുൻ ബീയും ഇരട്ടകളാണ്. അനാഥാലയത്തിൽ നിന്ന് യൂൻ ബ്യോളെ മാത്രം അമ്മ ദത്തെടുത്തു കൊണ്ടുപോവുകയാണ്. പുതിയ സ്‍കൂളിൽ യുൻ ബ്യോൾ ആയി യുൻ ബീ എത്തുന്നു. അവിടെ അവൾ ഓരോന്ന് പഠിക്കുന്നു. ക്ലാസിലെ വികൃതിക്കുട്ടിയായ ഗോങ് തേ ക്വാങ്ങുമായും അവൾ കൂട്ടാവുന്നു. കഥയിൽ വഴിത്തിരിവുണ്ടാകുന്നത് യങ് സേകാങ് സ്‍കൂളിലെത്തുമ്പോഴാണ്. യുൻ ബീയെ യങ് തിരിച്ചറിയുമോ? യുൻ ബ്യോളിന് എന്ത് സംഭവിച്ചു? ഹാൻ യാൻ ആളെ തിരിച്ചറിയുമോ? യുൻ ബീയുടെ രഹസ്യം മനസ്സിലായിട്ടും അവൾക്കൊപ്പം നിൽക്കുന്ന ഗോങ് തേ ക്വാങ്ങിന്റെ ഇഷ്‍ടം യുൻ ബീ മനസ്സിലാക്കുമോ?

അത്യാവശ്യം ത്രില്ലടിപ്പിച്ചാണ് കഥ ഉത്തരങ്ങൾ നൽകുക. മുഖ്യകഥാപാത്രമായ ഇരട്ടകളെ നന്നായി അവതരിപ്പിച്ച കിം സോ ഹ്യൂൻ അക്കൊല്ലത്തെ പ്രധാന പുരസ്‍കാരങ്ങൾ നേടിയിരുന്നു. നാം ജൂ ഹ്യൂക്കും യൂക്ക് സുങ് ജേയുമാണ് നായകൻമാരായത്. വില്ലത്തിയായ ചോ ഹ്യൂ സാങ്ങും കലക്കി, സ്‍കൂളിലെ കുട്ടിപ്പളാവും നന്നായി.

Read More: കോമാളി രാജാവിന്റെ അപരനായാല്‍, രസിപ്പിച്ച് 'ദ ക്രൗണ്‍ഡ് ക്ലൗണ്‍'- റിവ്യു

Follow Us:
Download App:
  • android
  • ios