ഈ വര്‍ഷത്തെ 6132 റിലീസുകളുടെ ആഗോള ലിസ്റ്റില്‍ 'നന്‍പകല്‍' അഞ്ചാമത്; ആദ്യ 50 ല്‍ മറ്റ് രണ്ട് മലയാള ചിത്രങ്ങളും

Synopsis
നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്
ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്സ്ഡ്. യൂസര്‍ റേറ്റിംഗ് അനുസരിച്ച് ഇവര്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം നന്‍പകല്‍ നേരത്ത് മയക്കം അഞ്ചാം സ്ഥാനത്ത് ഉണ്ട് എന്നത് മലയാളി സിനിമാപ്രേമികള്‍ക്ക് ആഹ്ലാദം പകരുന്ന ഒന്നാണ്. നന്‍പകലിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളും ആദ്യ 50 ല്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്.
നവാഗതനായ ജിത്തു മാധവന്‍റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ഹിറ്റ് രോമാഞ്ചം, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന്‍ ചിത്രം ഇരട്ട എന്നിവയാണ് ലെറ്റര്‍ബോക്സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും ഇരട്ട 48-ാം സ്ഥാനത്തുമാണ്. തമിഴ് ചിത്രം ദാദ 40-ാം സ്ഥാനത്തുമുണ്ട്.
മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം.
ALSO READ : വില 70 കോടി, മുംബൈയില്‍ 9000 സ്ക്വയര്‍ ഫീറ്റിന്‍റെ ആഡംബര ഫ്ലാറ്റ് വാങ്ങി സൂര്യ