Asianet News MalayalamAsianet News Malayalam

വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും, വീഡിയോ പങ്കുവെച്ച് താരം

'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും.

Shah Rukh Khan joins Har Ghar Tiranga With Gauri Aryan and AbRam
Author
Kochi, First Published Aug 14, 2022, 11:10 PM IST

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയില്‍ പങ്കുചേര്‍ന്ന് ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ സ്വന്തം വസതിയിലാണ്  ഷാരൂഖ് ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിട്ടുണ്ട്.

ഷാരൂഖ് ഖാൻ നായകനായി 'പത്താൻ' എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സിദ്ധാര്‍ഥ് ആനന്ദാണ് 'പത്താന്റെ' സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'പത്താൻ'. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്‍ട്രീമിംഗ് അവകാശം വൻ തുകയ്‍ക്കു വിറ്റുപോയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ 'പത്താന്' തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

'പത്താ'ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. നേരത്തെ 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്‍പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read More : എങ്ങും 'ഹർ ഘർ തിരംഗ'; വീടുകളിൽ ദേശീയ പതാക ഉയർത്തി താരങ്ങൾ

Follow Us:
Download App:
  • android
  • ios