Asianet News MalayalamAsianet News Malayalam

Thuramukham postponed : കൊവിഡ്; നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

'കമ്മട്ടിപ്പാട'ത്തിനു ശേഷമുള്ള രാജീവ് രവി ചിത്രം

thuramukham postponed nivin pauly rajeev ravi covid 19 omicron
Author
Thiruvananthapuram, First Published Jan 18, 2022, 7:26 PM IST

കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ റിലീസ് നീട്ടുന്നു. രാജീവ് രവിയുടെ (Rajeev Ravi) സംവിധാനത്തില്‍ നിവിന്‍ പോളി (Nivin Pauly) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിരീഡ് ഡ്രാമ 'തുറമുഖ'മാണ് (Thuramukham) ഏറ്റവുമൊടുവില്‍ റിലീസ് നീട്ടിയിരിക്കുന്നത്. നേരത്തെ പലവട്ടം റിലീസ് നീട്ടിവച്ച ചിത്രമാണ് ഇത്. അവസാനം പ്രഖ്യാപിച്ചിരുന്ന ജനുവരി 20 എന്ന റിലീസ് തീയതിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അണിയറക്കാര്‍ വിവരം അറിയിച്ചിരിക്കുന്നത്.

"പിന്‍തലമുറയുടെ വിസ്‍മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങള്‍ക്കപ്പുറത്ത്, എന്നാല്‍ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവര്‍ത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിന്‍റെ റിലീസ് ഒരിക്കല്‍ക്കൂടി നീട്ടാന്‍ കൊവിഡ് സാഹചര്യം ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വര്‍ധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങള്‍ ഏറെ അകലെയല്ലെന്ന് ഞങ്ങള്‍ കരുതുന്നു", തുറമുഖം ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Follow Us:
Download App:
  • android
  • ios