Asianet News MalayalamAsianet News Malayalam

'കൂഴങ്കൽ' ചെയ്യാനുള്ള തീരുമാനം നയൻതാരയുടേത്; ഓസ്‍കര്‍ എന്‍ട്രി ചിത്രത്തെ കുറിച്ച് വിഘ്‌നേശ് ശിവൻ

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.

vignesh shivan response for oscar entry film Koozhangal
Author
Chennai, First Published Oct 23, 2021, 10:24 PM IST

94-ാമത് ഓസ്കാറിലേക്ക്(Oscars) ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി (India's Official Entry) മാറിയിരിക്കുകയാണ് തമിഴ് ചലച്ചിത്രം 'കൂഴങ്കല്‍' (Koozhangal/ Pebbles). പി എസ് വിനോദ്‍ രാജ് (PS Vinothraj) എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തി രിക്കുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് വിഘ്നേശ്. 

നയൻതാരയാണ് കൂഴങ്കൽ എന്ന ചിത്രം നിർമ്മിക്കണം എന്ന തീരുമാനം എടുത്തതെന്ന് വിഘ്‌നേശ് ശിവൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തിന്റെ ഏത് കോണിലുള്ള ആളുകൾക്കും ഒരേപോലെ കാണാൻ സാധിക്കുന്ന തരത്തിലാണ് വിനോദ്‍ രാജ് ചിത്രം ചെയ്തിരിക്കുന്നത്. 35ഓളം ചലച്ചിത്രമേളകളിൽ സിനിമ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു. ഓസ്കാർ വേദിയിൽ സ്വന്തം രാജ്യത്തെ പ്രധിനിധികരിക്കാൻ സാധിക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരത്തിന് കൂഴങ്കൽ മത്സരിക്കും. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.

vignesh shivan response for oscar entry film Koozhangal

മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്‍റെയും ജീവിതത്തിലേക്കാണ് കൂഴങ്കല്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. 

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത മലയാളചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല.

Follow Us:
Download App:
  • android
  • ios