Asianet News MalayalamAsianet News Malayalam

'ജാക്കി ചാനും അര്‍നോൾഡും പ്രചോദനമായിട്ടുണ്ട്'; സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ

"ജോണ്‍ വിക്ക് പോലെയുള്ള സിനിമകളും എനിക്ക് ഇഷ്ടമാണ്"

vineeth sreenivasan to direct an action film next after varshangalkku shesham
Author
First Published Apr 18, 2024, 3:50 PM IST

സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും വിജയിപ്പിച്ച അപൂര്‍വ്വം സംവിധായകരേ ഉള്ളൂ. ആ നിരയില്‍ ഇടംപിടിച്ചിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തുന്ന അടുത്ത ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിനീത് തന്നെ അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്. സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാനാവുമോ എന്ന ചോദ്യത്തിന് വിനീതിന്‍റെ പ്രതികരണം ഇങ്ങനെ- "അടുത്ത ചിത്രം ഒരു ആക്ഷന്‍ ചിത്രം ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. തിരക്കഥയില്‍ ഇത്തവണ ഒരു എഴുത്തുകാരനുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. ജാക്കി ചാന്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍, വാന്‍ ഡാം, അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, ജേസണ്‍ സ്റ്റാതം എന്നിവര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജോണ്‍ വിക്ക് പോലെയുള്ള സിനിമകളും എനിക്ക് ഇഷ്ടമാണ്", വിനീത് ശ്രീനിവാസന്‍ പറയുന്നു.

അതേസമയം വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നീരജ് മാധവ്, ഷാന്‍ റഹ്‍മാന്‍, നീത പിള്ള തുടങ്ങി നിരവധി താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിനീതും അഭിനയിച്ചിട്ടുണ്ട്.

ALSO READ : ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios