കൊച്ചി: ബധിര-മൂക യുവാവ് വിമാനം ഉണ്ടാക്കി പറത്തിയ  സംഭവം സിനിമയാക്കുന്നതിനെച്ചൊല്ലി തർക്കം. വിമാനം എന്ന പേരിൽ  പൃഥിരാജിനെ നായകനാക്കി പ്രദീപ് എം നായർ സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിനീത് ശ്രീനീവാസനെ നായകനാക്കി പരസ്യസംവിധായകൻ ശ്രീകാന്ത് മുരളി സിനിമയൊരുക്കുന്നതാണ് തർക്കത്തിനിടയാക്കിയത്. ഫെഫ്ക ഇടപെട്ടിട്ടും പരിഹരിക്കാതിരുന്ന തർക്കം കോടതിയിലേക്ക് നീങ്ങുകയാണ്.

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസ് വിമാനമുണ്ടാക്കി പറത്തിയതാണ് സിനിമാക്കഥയ്ക്ക് ആധാരം. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച്  മാധ്യമപ്രവർ‍ത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനമെന്ന ചിത്രത്തിൽ പൃഥ്വിരാജായാരുന്നു നായകൻ.  

ജീവിതം സിനിമയാക്കുന്നതിനുളള പകർച്ചവകാശം സജി തോമസിൽ നിന്ന് പ്രദീപ് രേഖാമൂലം നേടിയിരുന്നു. എന്നാൽ വിനീത് ശ്രീനീവാസനെ നായകനാക്കി  സന്തോച്ച് എച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രത്തിന് തന്‍റെ സിനിമയുമായി സാമ്യമുണ്ടെന്നാണ് പ്രദീപിന്‍റെ ആരോപണം. ഇക്കാര്യം കാണിച്ച് ഫെഫ്കയ്ക്ക് പരാതി നൽകി. ഇരുകൂട്ടരേയും വിളിച്ച് ഫെഫ്ക ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. 

ഇതോടെയാണ് വിനീത് ചിത്രത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് കോടതിയിലേക്ക് നീങ്ങാൻ പ്രദീപും കൂട്ടരും തീരുമാനിച്ചത്. പകർപ്പവകാശലംഘനം ആരോപിച്ച് അടുത്തയാഴ്ച തൊടുപുഴ മുൻസിഫ് കോടതിയിൽ  ഹ‍ർജി നൽകും. 

എന്നാൽ തന്‍റെ ചിത്രത്തിന് സജി തോമസിന്‍റെ ജീവിതകഥയുമായി യാതൊരു ബന്ധവുമില്ലെന്ന്  തിരക്കഥാകൃത്ത് സന്തോഷം എച്ചിക്കാനം അറിയിച്ചു. തന്‍റെ നായകന്  സജിതോമസിനെപ്പോലെ അംഗവൈകില്യമില്ല. സാധാരണക്കാരനായ നിരവധി കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിൽ  വിമാനം നിർമിക്കുന്നതാണ് കഥയെന്നും സന്തോഷ് പറഞ്ഞു.