Asianet News MalayalamAsianet News Malayalam

ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം എന്ന് വാര്‍ത്ത, ശരിയോ? Fact Check

മൂന്നാം റൗണ്ടിലെ മത്സരങ്ങള്‍ തുടങ്ങും മുമ്പ് ഒരു ടീമിനും ലോകകപ്പിന് യോഗ്യത നേടാനാവില്ല

Did Indian Football Team Qualified for FIFA World Cup 2026
Author
First Published Nov 21, 2023, 12:39 PM IST

ദില്ലി: ഇന്ത്യയില്‍ ക്രിക്കറ്റിന് പിന്നില്‍ മാത്രമാണ് സ്ഥാനമെങ്കിലും ഫുട്ബോള്‍ വളരുകയാണ്. സമീപകാലത്ത് വിദേശ ടീമുകള്‍ക്കെതിരെ മികവ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനായിരുന്നു. ഏഷ്യാ വന്‍കരയിലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്. ഇതോടെ 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയോ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം. നീലപ്പട ലോകകപ്പിന് യോഗ്യത നേടി എന്നാണ് പ്രചാരണം.

പ്രചാരണം

ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഫുട്ബോള്‍ ഇന്ത്യയില്‍ വളരട്ടെ എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങളുള്ള ഒരു കൊളാഷ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. F-Vlog എന്ന ബ്ലോഗര്‍ 2023 നവംബര്‍ 20ന് എഫ്‌ബിയില്‍ കൊളാഷ് പോസ്റ്റ് ചെയ്‌തിരിക്കുന്നതായി കാണാം. 

Did Indian Football Team Qualified for FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടിയതായി ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയതായി സ്ക്രീന്‍ഷോട്ടാണ് കൊളാഷിലെ ആദ്യ ചിത്രത്തില്‍ കാണുന്നത്. രണ്ടാമത്തെ ചിത്രമാവട്ടെ, ഇന്ത്യന്‍ താരങ്ങള്‍ ദേശീയ പതാകയുമായി വിജയാഹ്‌ളാദത്തോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും. എഫ്‌ബി പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് പോലെ ഇന്ത്യന്‍ പുരുഷ ടീം ഫിഫ ലോകകപ്പിന് യോഗ്യത നേടിയോ? 

വസ്‌തുത

2026ലെ ഫിഫ ലോകകപ്പിന് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ കളിച്ച ഒരു മത്സരം ജയിച്ച ഇന്ത്യ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ ഖത്തറിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്ത്യക്കും ഖത്തറിനും പുറമെ കുവൈത്തും അഫ്‌ഗാനിസ്ഥാനുമാണ് എ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌താലാണ് ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാവൂ. രണ്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഒരു ടീമും ലോകകപ്പിന് യോഗ്യരാവില്ല. മൂന്നാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതോടെയാണ് ലോകകപ്പിന് ടീമുകള്‍ യോഗ്യരായിത്തുടങ്ങുക. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ സാധ്യത എന്തെന്ന് ഈ ലിങ്കില്‍ വിശദമായി വായിക്കാം. 

യോഗ്യതാ റൗണ്ടിലെ പോയിന്‍റ് ടേബിള്‍

Did Indian Football Team Qualified for FIFA World Cup 2026

നിഗമനം

ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം 2026ലെ ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടുമായി ബന്ധമില്ലാത്ത ചിത്രങ്ങളാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. 

Read more: പാകിസ്ഥാനിലും നോട്ട് നിരോധനം! ഉടനടി 5000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രചാരണം; പക്ഷേ... Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios