Asianet News MalayalamAsianet News Malayalam

സരയൂ നദീ തീരത്ത് 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ വരുന്നു, ചിത്രമോ ഇത്? വസ്‌തുത അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ഇനി സരയൂ നദീ തീരത്ത് എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം ശരിയോ? 

fact check unrelated photo sharing as world tallest statue of lord ram to be installed near sarayu river bank in ayodhya
Author
First Published Feb 2, 2024, 11:24 AM IST

അയോധ്യ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് വരികയാണ് എന്ന തരത്തില്‍ ചിത്രം സഹിതം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ വ്യാപകമാണ്. അതേസമയം ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് പണി പൂര്‍ത്തിയായി എന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകളുണ്ട്. ഏറെപ്പേര്‍ ശ്രീരാമ പ്രതിമയുടെ ചിത്രവും കുറിപ്പുകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു എന്നതിനാല്‍ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.  

പ്രചാരണം

ഫേസ്ബുക്കില്‍ 2024 ജനുവരി 30ന് ഹരിദാസ് പാലോട് എന്ന വ്യക്തി ചിത്രം സഹിതം പോസ്റ്റ് ചെയ്തത് ചുവടെ കൊടുക്കുന്നു. 

'13,000 ടണ്‍ ഭാരം , 823 അടി ഉയരം, ചെലവ് 3,000 കോടി:
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ഇനി സരയൂ നദീ തീരത്ത്!
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് സ്ഥാപിക്കാൻ യോഗി സർക്കാർ. 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ, ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള പ്രശസ്ത ശില്‍പി നരേന്ദർ കുമാവതിനാണ് രൂപീകരണ ചുമതല.
ഭീമാകാരമായ ഈ പ്രതിമ ലോക റെക്കോർഡില്‍ ഇടം നേടുമെന്നാണ് സൂചന.13,000 ടണ്‍ ഭാരമാകും ഈ പ്രതിമയ്ക്ക്. ഇതുവരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന റെക്കോർഡ് ഗുജറാത്തിലെ കെവാഡിയയില്‍ നിർമ്മിച്ച 790 അടി വലിപ്പമുള്ള സർദാർ പട്ടേലിൻ്റെ പ്രതിമയ്ക്കാണ്. ഇത് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്നു. സർദാർ പട്ടേല്‍ പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡില്‍ ശ്രീരാമ പ്രതിമ ഇടം നേടുമെന്നാണ് സൂചന. 
പ്രതിമ നിർമ്മാണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കിക്കഴിഞ്ഞു. അഞ്ച് പുണ്യ ലോഹങ്ങള്‍ സംയോജിപ്പിച്ച്‌ നിർമ്മിച്ച ഈ ശില്‍പം പൂർത്തിയാക്കാൻ ഏകദേശം 3,000 കോടി രൂപ ചെലവ് കണക്കാക്കുന്നു. നമോ ഘട്ടിലെ ശില്‍പം, സുപ്രീം കോടതിയിലെ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമ എന്നിവ ഉള്‍പ്പെടെ, ഇന്ത്യയിലുടനീളമുള്ള വിവിധ സ്മാരക സൃഷ്ടികളില്‍ നരേന്ദർ കുമാവത്തിന്റെ സൃഷ്ടിപരമായ സ്പർശം പ്രകടമാണ്'.

fact check unrelated photo sharing as world tallest statue of lord ram to be installed near sarayu river bank in ayodhya

വസ്തുതാ പരിശോധന

സരയൂ നദിക്കരയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ നിര്‍മിക്കുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാം.

എന്നാല്‍ സരയൂ നദിക്കരയില്‍ വരുന്ന ശ്രീരാമ പ്രതിമയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ഥമോ എന്നറിയാന്‍ ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ ഒരു വാര്‍ത്ത ലഭിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ ശിലാസ്ഥാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിച്ചു എന്നാണ് എന്‍ഡിടിവി 2023 ജൂലൈ 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്. ആന്ധ്രയില്‍ നിന്നുള്ള ഈ വാര്‍ത്തയില്‍ ഇപ്പോള്‍ സരയൂ നദിക്കരയിലേത് എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം നല്‍കിയിട്ടുണ്ട് എന്ന് ചുവടെയുള്ള സ്ക്രീന്‍ഷോട്ടില്‍ നിന്ന് മനസിലാക്കാം. 

fact check unrelated photo sharing as world tallest statue of lord ram to be installed near sarayu river bank in ayodhya

സമാന വാര്‍ത്ത മറ്റൊരു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2023 ജൂലൈ 23നും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് മനസിലായതോടെ പ്രചാരണത്തിന്‍റെ വസ്‌തുത മറനീക്കി വെളിച്ചത്തുവന്നു. ചിത്രം സഹിതമാണ് എന്‍ഡിടിവിയെ പോലെ ചിത്രം സഹിതമാണ് ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മാത്രമല്ല അമിത് ഷായുടെ ഓഫീസ് 2023 ജൂലൈ 22ന് പ്രതിമയുടെ ചിത്രം സഹിതം കുര്‍ണൂലിലെ ശിലാസ്ഥാപനത്തിന്‍റെ വിവരങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് വരുന്നതായി വാര്‍ത്തകളുണ്ടെങ്കിലും പ്രചരിക്കുന്ന ചിത്രം ആന്ധ്രയില്‍ നിന്നുള്ളതാണ് എന്ന് വ്യക്തം. 

നിഗമനം 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ഇനി സരയൂ നദീ തീരത്ത് എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ അമിത് ഷാ ശിലാസ്ഥാപനം നടത്തിയ 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ രൂപരേഖയാണ്. 

Read more: മുഹമ്മദ് ഷമിയെ സാനിയ മിര്‍സ വിവാഹം കഴിച്ചോ? വൈറല്‍ ചിത്രത്തിന്‍റെ സത്യമെന്ത്

Latest Videos
Follow Us:
Download App:
  • android
  • ios