Asianet News MalayalamAsianet News Malayalam

വോട്ടിനായി സുരേഷ് ഗോപി പണം നല്‍കുന്നോ? വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check

വോട്ടിനായി പണം നല്‍കുന്നത് കുറ്റകരമായതിനാല്‍ ഈ ദൃശ്യത്തിന്‍റെ വസ്തുത പരിശോധിക്കാം

Lok Sabha Election 2024 Fact Check here is the reality of viral video suresh gopi giving money for votes
Author
First Published Mar 18, 2024, 2:09 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ബിജെപിക്കായി നടന്‍ സുരേഷ് ഗോപിയാണ് തൃശൂരില്‍ മത്സരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രചാരണം സജീവമായി മണ്ഡലത്തില്‍ നടക്കേ ഒരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുകയാണ്. സുരേഷ് ഗോപി പണം കൊടുത്ത് വോട്ടുകള്‍ വാങ്ങുന്നതായാണ് വീഡിയോ പങ്കുവെക്കുന്നവരുടെ അവകാശവാദം. വോട്ടിനായി പണം നല്‍കുന്നത് കുറ്റകരമായതിനാല്‍ ഈ ദൃശ്യത്തിന്‍റെ വസ്തുത പരിശോധിക്കാം. 

പ്രചാരണം

ഫേസ്‌ബുക്കില്‍ നൗഷാദ് ടിപി വലിയാട് എന്ന യൂസര്‍ 2024 മാര്‍ച്ച് 12ന് വീഡിയോ സഹിതം പങ്കുവെച്ച പോസ്റ്റ് ചുവടെ. 36 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. 

'പണം കൊടുത്ത് വോട്ട് വാങ്ങുക...
ഇലക്ഷൻ കമ്മീഷൻ ഇത് കാണുന്നുണ്ടല്ലോല്ലേ .......
ഇങ്ങനെ കെട്ടുകണക്കിന് കൈയിൽ കാശ് വെച്ച് സ്ഥാനാർതി വോട്ടു പിടിക്കുന്നത് ഏതു നിയമത്തിന്റെ ബലത്തിൽ ആണ്.#electioncommissi #keralam #UDF'

Lok Sabha Election 2024 Fact Check here is the reality of viral video suresh gopi giving money for votes

 

വസ്‌തുതാ പരിശോധന

സുരേഷ് ഗോപിയുടെ പ്രചരിക്കുന്ന വീഡിയോയില്‍ ICG- Indian Cinema Gallery എന്ന വാട്ടര്‍മാര്‍ക് കാണാം. ഈ വാട്ടര്‍മാര്‍ക് ഉപയോഗിച്ച് ഫേസ്‌ബുക്കില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ വീഡിയോയുടെ പൂര്‍ണരൂപം കണ്ടെത്താനായി. വീഡിയോയ്‌ക്ക് മൂന്ന് മിനുറ്റും 52 സെക്കന്‍ഡും ദൈര്‍ഘ്യമുണ്ട്. സുരേഷ് ഗോപി കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുന്നവരുടെ ആലയിലെത്തി അവരുമായി സംസാരിക്കുന്നതും അവരില്‍ നിന്ന് വസ്‌തുക്കള്‍ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.

Lok Sabha Election 2024 Fact Check here is the reality of viral video suresh gopi giving money for votes

മണ്‍പാത്ര നിര്‍മാണം എങ്ങനെയെന്ന് സുരേഷ് ഗോപി ചോദിച്ചറിയുന്നതും ആളുകള്‍ അത് വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്. തനിക്ക് ഇഷ്‌ടപ്പെട്ട ഒരു മണ്‍പാത്രം വേണമെന്നും അതിന്‍റെ വില എത്രയെന്നും സുരേഷ് ഗോപി ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പണം വേണ്ടാ എന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടും അദേഹം കീശയില്‍ നിന്ന് നോട്ടുകളെടുത്ത് നല്‍കുന്നതാണ് സന്ദര്‍ഭം. വാങ്ങിയ മണ്‍പാത്രത്തിനാണ് സുരേഷ് ഗോപി പണം നല്‍കിയത് എന്ന് ഇതില്‍ നിന്ന് വ്യക്തം. 

നിഗമനം

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വോട്ടിന് പണം നല്‍കുന്നതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. സുരേഷ് ഗോപി മണ്‍പാത്രം വാങ്ങിയതിന് അതിന്‍റെ നിര്‍മാതാക്കള്‍ക്കാണ് പണം നല്‍കുന്നത്. സുരേഷ് ഗോപി വോട്ടിന് പണം നല്‍കുന്നതായുള്ള ഒരു തെളിവും ഈ വീഡിയോയുടെ പൂര്‍ണ രൂപത്തിലില്ല. 

Read more: പൗരത്വ ഭേദഗതി നിയമം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios